ഇനി കാര്‍ഡ് നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കാം; ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡില്‍ വരുന്ന മാറ്റങ്ങള്‍

  • റുപേ, വിസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ തുടങ്ങിയ കാർഡ് നെറ്റ് വർക്കുകൾ
  • 2023 ഒക്ടോബര്‍ 1 മുതല്‍ സൗകര്യം ലഭിക്കും
  • വിസയും മാസ്റ്റർകാർഡും നെറ്റ് വർക്കിന്റെ വലിയൊരു ഭാഗം നിയന്ത്രിക്കുന്നു

Update: 2023-07-10 09:14 GMT

ഒരു ബാങ്ക് കാര്‍ഡിനായി അപേക്ഷിക്കുന്ന സമയത്ത്, സാധാരണയായി നെറ്റ്‌വര്‍ക്ക് ദാതാവിനെ തിരഞ്ഞെടുക്കാന്‍ കഴിയില്ല. കുറച്ചു കൂടി ലളിതമാക്കി പറഞ്ഞാല്‍, ഒരു ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് അല്ലെങ്കില്‍ പ്രീപെയ്ഡ് കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ വിസ, മാസ്റ്റര്‍കാര്‍ഡ് മുതലായവ പോലുള്ള ഒരു കാര്‍ഡ് നെറ്റ്‌വര്‍ക്കിന്റെ കാര്‍ഡ് അനുവദിക്കുകയാണ് ബാങ്ക് ചെയ്യാറുള്ളത്. ബാങ്കിന് ഇത്തരം കമ്പനികളുമായി പ്രത്യേക ക്രമീകരണങ്ങളുള്ളതിനാലാണ് ഇത്തരത്തില്‍ കാര്‍ഡ് ലഭിക്കുന്നത്. അതിനാല്‍, ബാങ്ക് അവരുടെ നെറ്റ്‌വര്‍ക്കില്‍ കാര്‍ഡ് നല്‍കുന്നു. എന്നാല്‍ ഇതിന് മാറ്റം വരുത്താനാണ് റിസര്‍വ് ബാങ്കിന്റെ പുറപ്പാട്. ജൂലൈ 5ന് ആര്‍ബിഐ പുറത്തിറക്കിയ കരട് സര്‍ക്കുലര്‍ പ്രകാരം 2023 ഒക്ടോബര്‍ 1 മുതല്‍ ഉപഭോക്താക്കള്‍ക്ക് കാര്‍ഡിനായി നെറ്റ്‌വര്‍ക്ക് ദാതാവിനെ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും.

നിലവില്‍ ഇന്ത്യയില്‍ 5 കാര്‍ഡ് നെറ്റ്‌വര്‍ക്കുകള്‍ ഉണ്ട്. റുപേ, വിസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ എന്നിവയാണ് ഇന്ത്യയില്‍ കാര്‍ഡ് നെറ്റ്‌വര്‍ക്ക് സേവനം നല്‍കുന്നത്. ഒന്നിലധികം കാര്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ ബാങ്കുകള്‍ കാര്‍ഡുകള്‍ നല്‍കണമെന്നും ഉപഭോക്താവിന് തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കണമെന്നുമാണ് ആര്‍ബിഐ നടപടിയുടെ ലക്ഷ്യം.

ആര്‍ബിഐ കരട്

മേല്‍പറഞ്ഞ വിഷയത്തില്‍ ആര്‍ബിഐ കരട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനായി ബാങ്കുകള്‍ക്കും നോണ്‍ബാങ്കുകള്‍ക്കും ഉള്ള കാര്‍ഡ് നെറ്റ്‌വര്‍ക്ക് ക്രമീകരണങ്ങളെക്കുറിച്ചാണ് കരട് സര്‍ക്കുലറില്‍ പറയുന്നത്. സര്‍ക്കുലറില്‍ പറയുന്ന മൂന്ന് പോയിന്റുകള്‍ പരിശോധിക്കാം,

പ്രത്യേക കരാറുകള്‍ വേണ്ട: കാര്‍ഡ് നെറ്റ്‌വര്‍ക്ക് നല്‍കുന്ന കമ്പനികളുമായി ഏതെങ്കിലും പ്രത്യേക ക്രമീകരണങ്ങളോ കരാറോ ബാങ്കിന് പാടില്ലെന്നാണ് സര്‍ക്കുലര്‍ പറയുന്നത്. അത്തരം കരാറുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നു. മറ്റ് കാര്‍ഡ് നെറ്റ്‌വര്‍ക്കുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതില്‍ ബാങ്കിനെ നിയന്ത്രിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

ഒന്നിലധികം നെറ്റ്‌വര്‍ക്കുകള്‍: ബാങ്കുകള്‍ ഒന്നിലധികം കാര്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ കാര്‍ഡുകള്‍ നല്‍കണമെന്ന് ആര്‍ബിഐ സര്‍ക്കുലറിലൂടെ വ്യക്തമാക്കുന്നു.

ഉപഭോക്താവിന് നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കാം: ഉപഭോക്താവിന് ഒന്നിലധികം കാര്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സമയത്തോ പിന്നീട് എപ്പോള്‍ വേണമെങ്കിലും ഉപഭോക്താവിന് കാര്‍ഡ് നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, വിസ നെറ്റ്‌വര്‍ക്കില്‍ നിങ്ങള്‍ക്ക് ഒരു കാര്‍ഡ് ഇഷ്യൂ ചെയ്തിട്ടുണ്ടെങ്കില്‍, റൂപേ, മാസ്റ്റര്‍ കാര്‍ഡ് മുതലായ മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് മാറാനുള്ള ഓപ്ഷന്‍ ഉപഭോക്താവിന് ഉണ്ടാകും. ഇത് വിവിധ സേവന ദാതാക്കളില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് സമാനമാണ്.

റൂപേ, മാസ്റ്റര്‍കാര്‍ഡ്, വിസ

കരട് സര്‍ക്കുലറിലൂടെ ആര്‍ബിഐ അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. 2023 ഒക്ടോബര്‍ 1 മുതല്‍ കാര്‍ഡ് നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍, വിസയും മാസ്റ്റര്‍കാര്‍ഡുമാണ് ഇന്ത്യയിലെ കാര്‍ഡ് നെറ്റ്‌വര്‍ക്കിന്റെ വലിയൊരു ഭാഗവും നിയന്ത്രിക്കുന്നത്. ആര്‍ബിഐ നീക്കം നെറ്റ്‌വര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍മാരുമായുള്ള പ്രത്യേക കരാറുകള്‍ ഇല്ലാതാക്കുകയും റുപേ പോലുള്ള മറ്റ് നെറ്റ്‌വര്‍ക്കുകള്‍ക്ക് വളരാന്‍ അവസരം ലഭിക്കുകയും ചെയ്യും.

ബാങ്കുകളും കാര്‍ഡ് നെറ്റ്‌വര്‍ക്കുകളും തമ്മിലുള്ള പ്രത്യേക കരാറുകള്‍ തകര്‍ക്കാനാണ് ആര്‍ബിഐ കരട് സര്‍ക്കുലര്‍ ലക്ഷ്യമിടുന്നത്. ഒന്നിലധികം നെറ്റ്‌വര്‍ക്കുകളിലുടനീളം ബാങ്കുകള്‍ കാര്‍ഡുകള്‍ നല്‍കേണ്ടിവരും. കാര്‍ഡ് ഇഷ്യു ചെയ്യുന്ന സമയത്തോ പിന്നീട് എപ്പോള്‍ വേണമെങ്കിലും നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് കഴിയും. ഉപഭോക്താവിനെ ഒന്നാമതെത്തിക്കാന്‍ ആര്‍ബിഐ സ്വീകരിച്ച നിരവധി ഉപഭോക്തൃ സൗഹൃദ സംരംഭങ്ങളില്‍ ഒന്നാണിത്.

റുപേ ക്രെഡിറ്റ് കാര്‍ഡുകളിലെ ഇന്റര്‍ചേഞ്ച് ഫീസ് അല്ലെങ്കില്‍ എംഡിആര്‍ കുറവാണ്. വരുമാനം കുറവായതിനാല്‍ ചില ബാങ്കുകള്‍ റൂപേ നെറ്റ്‌വര്‍ക്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. എന്നാല്‍ ആര്‍ബിഐ നീക്കം ഉപഭോക്താവിന് ഇഷ്ട നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കാന്‍ അനുവദിക്കും. അതിനാല്‍, ഒരു ഉപഭോക്താവിന് താല്‍പ്പര്യമുണ്ടെങ്കില്‍, ബാങ്കുകള്‍ റുപേയിലോ അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും നെറ്റ്‌വര്‍ക്കിലോ കാര്‍ഡ് നല്‍കേണ്ടിവരും.

Tags:    

Similar News