'യുപിഐ ലൈറ്റ്' ഉം 'യുപിഐ' യും ഒന്നല്ല; പേയ്‌മെന്റ് നടത്തുമ്പോള്‍ അറിയണം വ്യത്യാസം
ദിവസേനയുള്ള പണമിടപാടുകള്‍ക്ക് യുപിഐ അധിഷ്ടിത സേവനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോള്‍ കുറഞ്ഞ തുകയിലുള്ള ഇടപാടുകള്‍ക്ക് യുപിഐ ലൈറ്റിന്റെ സേവനം ലഭ്യമാണ്. ഈ രണ്ട് പണമിടപാട് പ്ലാറ്റ്ഫോമുകളും നല്‍കുന്ന സേവനങ്ങള്‍, അവയുടെ പരിധികള്‍ എന്നിവയെന്തൊക്കെയാണെന്ന് നോക്കാം. എന്താണ് യുപിഐ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ എന്നത് ഇന്ത്യയില്‍ കുറച്ചു നാളുകളായി ഉപയോഗത്തിലുള്ള പണമിടപാട് പ്ലാറ്റ്ഫോമാണ്. നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചത്. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് […]
ദിവസേനയുള്ള പണമിടപാടുകള്‍ക്ക് യുപിഐ അധിഷ്ടിത സേവനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോള്‍ കുറഞ്ഞ തുകയിലുള്ള ഇടപാടുകള്‍ക്ക് യുപിഐ ലൈറ്റിന്റെ സേവനം ലഭ്യമാണ്. ഈ രണ്ട് പണമിടപാട് പ്ലാറ്റ്ഫോമുകളും നല്‍കുന്ന സേവനങ്ങള്‍, അവയുടെ പരിധികള്‍ എന്നിവയെന്തൊക്കെയാണെന്ന് നോക്കാം.
എന്താണ് യുപിഐ
യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ എന്നത് ഇന്ത്യയില്‍ കുറച്ചു നാളുകളായി ഉപയോഗത്തിലുള്ള പണമിടപാട് പ്ലാറ്റ്ഫോമാണ്. നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചത്. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസിന്റെ പിന്തുണയോടെ 24 മണിക്കൂറും പണം കൈമാറാനുള്ള സൗകര്യമാണ് ഇത് നല്‍കുന്നത്. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു സ്മാര്‍ട്ഫോണ്‍, യുപിഐ വഴി പണം അയക്കാനാവശ്യമായ വിര്‍ച്വല്‍ ഐഡി എന്നിവയുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് വിര്‍ച്വല്‍ ഐഡി, ഐഎഫ്സി കോഡ്, ആധാര്‍ നമ്പര്‍, ക്യുആര്‍ കോഡ് സ്‌കാനിംഗ് എന്നിങ്ങനെയുള്ള ഏതെങ്കിലും മാര്‍ഗത്തിലൂടെ യുപിഐ ഉപയോഗിച്ച് പണം അയക്കാം.
എങ്ങനെ ഉപയോഗിക്കാം?
യുപിഐ ഉപയോഗിക്കാന്‍ ബാങ്ക് അക്കൗണ്ട് തീര്‍ച്ചയായും വേണം. ഉപഭോക്താവിന്റെ അക്കൗണ്ടുള്ള ബാങ്ക് യുപിഐ സേവനം നല്‍കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഭീം, പേടിഎം, ഫോണ്‍പേ, ഗൂഗിള്‍പേ, ആമസോണ്‍ പേ തുടങ്ങിയ ഏതെങ്കിലും യുപിഐ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് യുപിഐ ഇടപാടുകള്‍ നടത്താം. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ബന്ധപ്പെടുത്തിയിരിക്കണം എന്നത് നിര്‍ബന്ധമാണ്.
യുപിഐ പിന്‍
യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തണമെങ്കില്‍ യുപിഐ പിന്‍ (പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) അത്യാവശ്യമാണ്. നാല് മുതല്‍ ആറ് വരെയാണ് സാധാരണയായി പിന്‍ നമ്പര്‍. യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ഈ പിന്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്.
ഇടപാട് പരിധി
നിലവില്‍ യുപിഐ വഴി രണ്ട് ലക്ഷം രൂപവരെയുള്ള ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്.
യുപിഐ വഴി പണം സ്വീകരിക്കാമോ
യുപിഐ വഴി പണം സ്വീകരിക്കാം. ഗുണഭോക്താവിന് ഒരു വെര്‍ച്വല്‍ ഐഡി ഉണ്ടായിരിക്കുകയും യുപിഐയില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇനി ബാങ്ക് അക്കൗണ്ട്, ഐഎഫ്എസ്സി, ആധാര്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് ഇടപാടെങ്കില്‍് യുപിഐല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
ഇടപാട് ചരിത്രം പരിശോധിക്കാമോ
യുപിഐ ആപ്പ് തുറന്ന് ഹോം സ്‌ക്രീനില്‍ നല്‍കിയിട്ടുള്ള ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ യുപിഐ പ്ലാറ്റ്ഫോം വഴി നടത്തിയ ഇടപാടുകളെക്കുറിച്ച് അറിയാം.
എന്താണ് യുപിഐ ലൈറ്റ് ?
യുപിഐ ലൈറ്റ് എന്ന പുതിയ സൗകര്യം നിലവില്‍ ഭീം ആപ്പിലാണ് നല്‍കിയിട്ടുള്ളതെന്നാണ് എന്‍പിസിഐ വ്യക്തമാക്കുന്നത്. എട്ട് ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കാണ് ഭീം ആപ് വഴി യുപിഐ ലൈറ്റ് നിലവില്‍ ഉപയോഗിക്കാവുക. കനറ ബാങ്ക്, എച്ചഡിഎഫ്സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയാണ് എന്‍പിസിഐ പറഞ്ഞിരിക്കുന്ന ബാങ്കുകള്‍.
യുപിഐ ലിമിറ്റിലെ ഇടപാട് പരിധി
വലിയ ഇടപാടുകള്‍ക്കായല്ല യുപിഐ ലൈറ്റ് രൂപീകരിച്ചിരിക്കുന്നത്. യുപിഐ ലിമിറ്റിന്റെ ഇടപാട് പരിധി 200 രൂപയാണ്. യുപിഐ ലൈറ്റിലെ ഇടപാടുകള്‍ക്ക് യുപിഐ പിന്‍ നമ്പര്‍ ആവശ്യമില്ല.
2000 രൂപയാണ് യുപിഐ ലൈറ്റിലെ ബാലന്‍സ് തുകയുടെ പരിധി.
ഇന്റര്‍നെറ്റ്് വേണോ
ആദ്യഘട്ടത്തില്‍ യുപിഐ ലൈറ്റിലെ ഇടപാട് പ്രക്രിയ ഓഫ്ലൈന്‍ മോഡിലാണെന്നാണ് എന്‍പിസിഐ വ്യക്തമാക്കുന്നത്. അതിനാല്‍ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റാകാന്‍ ഇന്റര്‍നെറ്റ് ആവശ്യമില്ല.
ക്രെഡിറ്റ് ഓപ്ഷന്‍ ഉണ്ടോ
നിലവില്‍ ഡെബിറ്റ് ഓപ്ഷന്‍ മാത്രമാണ് യുപിഐ ലൈറ്റില്‍ അനുവദിച്ചിട്ടുള്ളത്. യുപിഐ ലൈറ്റിലേക്കുള്ള ക്രെഡിറ്റുകളും, റീഫണ്ടുകളും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്.
എങ്ങനെ ഇടപാട് ചരിത്രം പരിശോധിക്കാം
ടോപ്പ്-അപ്പുകള്‍ ഒഴികെയുള്ള യുപിഐ ലൈറ്റ് ഇടപാടുകള്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിലോ പാസ്ബുക്കിലോ ലഭ്യമാകില്ല. എന്‍പിസിഐ പ്രകാരം ബാങ്കില്‍ നിന്ന് ഒരു ദിവസം നടത്തിയ യുപിഐ ലൈറ്റ് ഇടപാടുകളുടെ ചരിത്രം അടങ്ങിയ ഒരു എസ്എംഎസ് ഉപഭോക്താക്കള്‍ക്ക് ദിവസവും ലഭിക്കും.