ജര്‍മ്മനിയിലേക്ക് പറക്കണോ? ഇന്ത്യക്കാര്‍ക്ക് ഷെന്‍ഗന്‍ വിസ ഇനി തലവേദനയല്ല

വിഎഫ്എസ് ഗ്ലോബലിന്റെ നേതൃത്വത്തിലുള്ള വിസാ ആപ്ലിക്കേഷന്‍ സെന്ററുകള്‍ വഴി വിസ അപ്പോയിന്‍മെന്റുകള്‍ക്കുള്ള അപേക്ഷ നല്‍കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Update: 2022-11-25 09:25 GMT

schengen visa application

ഡെല്‍ഹി: ജര്‍മ്മനി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ വിസ ലഭ്യത തലവേദനയാകില്ല. ഷെന്‍ഗന്‍ വിസ സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് വരുത്തിയെന്നും ഇന്ത്യയില്‍ നിന്നുള്‍പ്പെടയുള്ള സഞ്ചാരികള്‍ക്ക് ഇത് ഗുണകരമാകുമെന്നും ജര്‍മ്മന്‍ മിഷന്‍സ് ഇന്‍ ഇന്ത്യ അധികൃതര്‍.

വിഎഫ്എസ് ഗ്ലോബലിന്റെ നേതൃത്വത്തിലുള്ള വിസാ ആപ്ലിക്കേഷന്‍ സെന്ററുകള്‍ വഴി വിസ അപ്പോയിന്‍മെന്റുകള്‍ക്കുള്ള അപേക്ഷ നല്‍കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള സെന്ററില്‍ ബുക്കിംഗ് പൂര്‍ത്തിയായെങ്കില്‍ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലുള്ള സെന്ററുകള്‍ അപേക്ഷ നല്‍കുന്നതിനായി തിരഞ്ഞെടുക്കാമെന്നും അറിയിപ്പിലുണ്ട്.

ഷെന്‍ഗന്‍ വിസ സംബന്ധിച്ച നടപടിക്രമങ്ങള്‍ ഡിജിറ്റലൈസ് (ഓണ്‍ലൈന്‍) ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ഏതാനും മാസം മുന്‍പ് അറിയിച്ചിരുന്നു. 'യൂറോപ്യന്‍ യൂണിയന്‍ ഓണ്‍ലൈന്‍ വിസാ പ്ലാറ്റ്ഫോം' വഴി ഷെന്‍ഗന്‍ വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയേക്കുമെന്നും അന്ന് അധികൃതര്‍ വ്യക്തമാക്കി.

ഷെന്‍ഗന്‍ വിസയ്ക്കുള്ള അപേക്ഷ ലഭിച്ചാലുടന്‍, യൂറോപ്യന്‍ യൂണിയനിലെ ഏത് രാജ്യമാണ് ഇത് പരിശോധിക്കേണ്ടത് എന്ന് ഓണ്‍ലൈന്‍ വിസാ പ്ലാറ്റ്ഫോം സ്വയമേവ നിര്‍ണ്ണയിക്കും. കൂടാതെ, പ്ലാറ്റ്‌ഫോം അപേക്ഷകര്‍ക്ക് ഷെന്‍ഗന്‍ ഷോര്‍ട്ട്-സ്റ്റേ വിസകളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കും. ഷെന്‍ഗന്‍ അംഗരാജ്യങ്ങളില്‍ പ്രവേശിക്കാനും യാത്ര ചെയ്യാനും ഷെന്‍ഗന്‍ വിസ വേണം.

യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ലാത്വിയ, ലിത്വാനിയ, ലക്സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ലിച്ചെന്‍സ്റ്റൈന്‍, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലന്‍ഡ്, ഇറ്റലി എന്നിവിടങ്ങള്‍ ഈ വിസ ഉപയോഗിച്ച് സന്ദര്‍ശിക്കാം.

ബിസിനസ്-വിനോദയാത്ര എന്നിവയ്ക്കായി യൂറോപ്പ് പര്യടനം നടത്തുന്നതിനുള്ള ഏറ്റവും സാധാരണമായ വിസയാണ് ഷെന്‍ഗന്‍ വീസ. ഔദ്യോഗിക സന്ദര്‍ശനം, മെഡിക്കല്‍ ടൂറിസം, ഗവേഷണം, ഹ്രസ്വകാല പഠനം എന്നിവ വരുമ്പോഴും ഷെന്‍ഗന്‍ വിസ മുഖ്യമാണ്.

Tags:    

Similar News