യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം, പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു

  • യുഎസില്‍ കഴിഞ്ഞ വര്‍ഷം അനധികൃതമായി കുടിയേറിയ (വിവിധ രീതിയില്‍) ഇന്ത്യക്കാരുടെ ആകെ എണ്ണം 63,927 ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Update: 2022-12-30 09:43 GMT

വാഷിംഗ്ടണ്‍: യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച് പിടിയിലാകുന്നവരില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയിലാണ് ഇത് ഏറ്റവുമധികം വര്‍ധിച്ചതെന്നും അമേരിക്കന്‍ സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.

ഒക്ടോബര്‍-നവംബര്‍ കാലയളവിലായി മെക്‌സിന്‍ ബോര്‍ഡര്‍ കടന്ന് യുഎസിലേക്ക് എത്താന്‍ ശ്രമിച്ച 4,297 ഇന്ത്യക്കാരെയാണ് യുഎസ് ബോര്‍ഡര്‍ പട്രോള്‍ സംഘം പിടികൂടിയത്.

2021ല്‍ ഇതേകാലളവില്‍ ഈ പ്രദേശത്ത് നിന്നും പിടിക്കപ്പെട്ടവരില്‍ 1,426 ഇന്ത്യക്കാരാണുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. സെപ്റ്റംബറിലവസാനിച്ച സാമ്പത്തിക വര്‍ഷം (യുഎസിലെ സാമ്പത്തിക വര്‍ഷം) ആകെ 16,236 ഇന്ത്യക്കാരെയാണ് ഇത്തരത്തില്‍ പട്രോളിംഗ് സംഘം പിടികൂടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

യുഎസില്‍ കഴിഞ്ഞ വര്‍ഷം അനധികൃതമായി കുടിയേറിയ (വിവിധ രീതിയില്‍) ഇന്ത്യക്കാരുടെ ആകെ എണ്ണം 63,927 ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020-21 സാമ്പത്തികവര്‍ഷം ഇത്തരത്തില്‍ 30,662 ഇന്ത്യക്കാരാണ് യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഡാറ്റ വ്യക്തമാക്കുന്നു.

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം 2,312 ഇന്ത്യക്കാരെയാണ് 2019-20 കാലയളവില്‍ യുഎസില്‍ നിന്നും നാടുകടത്തിയത്. 2018-19 കാലയളവില്‍ 1,616 പേരെയും ഇത്തരത്തില്‍ നാടുകടത്തിയിരുന്നു.

Tags:    

Similar News