ബ്രിട്ടനിൽ ആശ്രിത വിസക്കു നിയന്ത്രണം ; ഇന്ത്യക്കാരുടെ വിദേശ പഠനത്തിൽ പ്രതിസന്ധി

  • ഗവേഷണബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് മാത്രം ആശ്രിതവിസ
  • കോഴ്സ് പൂർത്തിയാവും മുമ്പേ തൊഴിൽ വിസ ലഭിക്കില്ല
  • 2022 ന്റെ അവസാനമാവുമ്പഴേക്കും ആശ്രിതവിസയിൽ ഗണ്യമായ വർധന

Update: 2023-05-26 09:49 GMT

വിദേശത്തു പഠനം പൂർത്തിയാക്കി അവിടെത്തന്നെ ജോലി നേടി കുടുംബത്തോടൊപ്പം സ്വപ്നതുല്യ ജീവിതം നയിക്കുക എന്നത് മലയാളികൾ ഉൾപ്പെടെ ഭൂരിഭാഗം ഇന്ത്യക്കാരുടെയും എക്കാലത്തെയും സ്വപ്നമാണ്. ഈ അടുത്ത കാലത്തായി വിദേശത്തേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിൽ വൻവർധനവ് ഉണ്ടായിട്ടുണ്ട്. ഇതിനുള്ള താരതമ്യേന എളുപ്പമാർഗം വിദേശ പഠനത്തിനായി റിക്രൂട്ടിംഗ് ഏജസികൾ വഴി ലഭിക്കുന്ന വിസ ലഭിക്കുക എന്നതാണ്.എന്നാൽ ഇപ്പോൾ ബ്രിട്ടനിലേക്ക് കുടുംബത്തോടൊപ്പം പറക്കുന്നതിനു ചില നിയന്ത്രണങ്ങൾ ബ്രിട്ടീഷ് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ജനുവരിയോട് കൂടി ഇത് പ്രാബല്യത്തിൽ വരും. വിദ്യാഭ്യാസത്തെ മറയാക്കിയുള്ള കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടന്റെ ഈ നീക്കം

ഗവേഷണ ബിരുദാനന്തര പഠനത്തിന് മാത്രം ആശ്രിത വിസ

ബ്രിട്ടനിൽ പഠിക്കാനെത്തുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികളുൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികൾ കുടുംബാംഗങ്ങളെ കൂടെ കൊണ്ടുവരുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായിരിക്കുന്നു.ഗവേഷണവുമായി ബന്ധപ്പെട്ട ബിരുദാനന്തര ബിരുദ കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ കുട്ടികളെയും പ്രായമായ രക്ഷിതാക്കളെയും ആശ്രിതരായി കൂടെ കൊണ്ട് വരാൻ കഴിയുള്ളുവന്നു ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രേവർമാൻ പാർലിമെന്റിൽ പ്രസ്താവിച്ചു .

കോഴ്സ് പൂർത്തിയാവും മുമ്പ് ഇനി തൊഴിൽ വിസ ലഭിക്കില്ല

വിദേശ വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാവും മുമ്പേ തൊഴിൽ വിസയിലേക്കു മാറാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.സാധാരണ ഡിഗ്രി കോഴ്സുകളിലേക്കോ അതല്ലെങ്കിൽ ഏതെങ്കിലും സർവ്വകലാശാലകൾ നടത്തുന്ന ഹ്രസ്വ കാല കോഴ്സുകൾക്കോ പഠിക്കാനായി യു.കെയില്‍ എത്തുന്നവർക്ക് ഇനി മുതൽ കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ സാധിക്കില്ല. പഠിക്കാനെത്തുന്നവർക്ക് രണ്ടു വർഷം വരെ ജോലി ചെയ്യാൻ കഴിയുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുമെന്ന് റിപോർട്ടുകൾ പറയുന്നു.

ആശ്രിത വിസ കുത്തനെ വർധിച്ചു

ബ്രിട്ടനിൽപഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ ആശ്രിതരുടെ വിസയുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായതിനെ തുടർന്നാണ് ഈ നീക്കം. 2019 ഇൽ വെറും 16000 വിസകൾ അനുവദിച്ചപ്പോൾ 2022 ന്റെ അവസാനിക്കാറായപ്പോഴേക്കും ഇത്തരത്തിൽ ആശ്രിതരായി എത്തുന്നവരുടെ എണ്ണം 1,36,000 ആയി വലിയ തോതിൽ വർധിക്കുകയുണ്ടായി. കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഋഷി സുനക് സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ നിയമം.

ഏജന്റുമാരുടെ തട്ടിപ്പുകൾക്കെതിരെയുള്ള നടപടി

സ്റ്റുഡൻറ് വിസയിൽ ബ്രിട്ടനിൽ എത്തുന്നവർ പഠനം പൂർത്തിയാവും മുമ്പേ വർക്ക് വിസയിലേക്കു മാറുന്നത് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. സ്റ്റുഡന്റ് വിസയിൽ ഏജന്റുമാരുടെ ഒത്താശയോടെ എങ്ങനെയെങ്കിലും ബ്രിട്ടനിൽ എത്തിയശേഷം കെയർ വിസയിലേക്ക് മാറി മുഴുവൻ സമയവും ജോലി ചെയ്തു കഴിയുന്നവർ അവിടെ ധാരാളം പെരുകുന്നു.ഇങ്ങനെ ബ്രിട്ടനിൽ എത്തിച്ചേർന്ന ഇന്ത്യക്കാരിൽ ഏറെയും മലയാളികൾ ആണ് എന്നതാണ് മറ്റൊരു വസ്തുത. വിദേശ വിദ്യാർത്ഥികളെ കെണിയിലാക്കുന്ന റിക്രൂട്ടിംഗ് ഏജൻസികൾ വിദ്യാഭ്യാസത്തിനു പകരം കുടിയേറ്റമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. വിദ്യാർത്ഥികളിൽ നിന്നും വൻതുക കൈപ്പറ്റിയാണ് സ്റ്റുഡൻറ് വിസയിൽ നിന്നും വർക്ക് വിസയിലേക്കു മാറാൻ ഇവർ സഹായിക്കുന്നത്.

ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും

2020 -21 വർഷത്തെ കണക്കനുസരിച്ച്‌ സ്റ്റുഡൻറ് വിസ നിലവിൽ വന്നപ്പോൾ 87,045 ഇന്ത്യൻ വിദ്യാർഥികളാണ്‌ ഒന്നാംവർഷക്കാരായി യുകെയിലെത്തിയത്‌.ചൈനയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് .എന്നാൽ ഭൂരിഭാഗം വിദ്യാർത്ഥികളെയും ഈ തീരുമാനം ബാധിക്കില്ല . പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ആശ്രിത വിസക്കുള്ള അപേക്ഷകളെ ഇത് കാര്യമായി ബാധിക്കുംഎന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇനി റിക്രൂട്ടിങ് ഏജന്റുമാർ വഴി സ്റ്റുഡൻറ് വിസ ലഭിക്കുമ്പോൾ കുടുംബത്തെ കൊണ്ട് പോവാൻ നിയന്ത്രണങ്ങൾ ഉണ്ടെന്നു വിദ്യാർത്ഥികൾ ഓർക്കണം.

Tags:    

Similar News