ക്രിസ്മസ്-ന്യൂ ഇയര്‍ സീസണിലെ യുകെ സന്ദര്‍ശനം, വിസ ഇനി അതിവേഗത്തില്‍
- ഇലക്ട്രോണിക്ക് വിസ (ഇ വിസ) സേവനം പുനസ്ഥാപിച്ചതോടെ വിസ വിതരണം സുഗമമായി.
ക്രിസ്മസ് - ന്യു ഇയര്‍ കാലത്ത് യുകെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിസ ലഭിക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. യുകെ സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം 15 ദിവസമാക്കി കുറച്ചുവെന്ന് ഡെല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ട്വിറ്റര്‍ വഴി അറിയിച്ചു. കോവിഡ് നിയന്ത്രങ്ങള്‍ക്ക് ഇളവ് വന്ന 2021 ഡിസംബര്‍ മുതല്‍ രാജ്യത്തേക്ക് വരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുകയാണ്.
യുകെയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് ആവശ്യമായ ഇലക്ട്രോണിക്ക് വിസ (ഇ വിസ) സേവനം പുനസ്ഥാപിച്ചതോടെ സന്ദര്‍ശക വിസ എളുപ്പത്തില്‍ വിതരണം ചെയ്യാനും സാധിക്കുന്നുണ്ട്. മാത്രമല്ല പുതിയ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ തുറന്നത്, അധിക വിസ അപ്പോയിന്‍മെന്റ് സ്ലോട്ടുകള്‍, വിസാ അറ്റ് യുവര്‍ ഡോര്‍സറ്റെപ്പ് (വിഎവൈഡി) പദ്ധതി മുതലായവയൊക്കെ സന്ദര്‍ശക വിസ അതിവേഗം ലഭ്യമാകുന്നതിന് കാരണമായെന്നും അധികൃതര്‍ വ്യക്തമാക്കി. സ്റ്റുഡന്റ് വിസകള്‍ക്കുള്‍പ്പടെയുള്ള അപേക്ഷകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 89 ശതമാനം വര്‍ധനവുണ്ടായെന്ന് അലക്സ് എല്ലിസ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ അറിയിച്ചിരുന്നു.