നാലു ലക്ഷം തൊഴിലവസരവുമായി കാനഡ, ഇന്ത്യക്കാര്‍ക്കും ഗുണകരം

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം കാനഡയിലെ ഒണ്‍ടേറിയോയിലും സാസ്‌കാറ്റ്‌ച്ചെവാനിലുമാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്.

Update: 2022-11-29 07:23 GMT

ഒട്ടാവ: കാനഡയിലെ പ്രധാന രണ്ട് പ്രവിശ്യകളിലായി ഒരു മാസം കൊണ്ട് നാലു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം കാനഡയിലെ ഒണ്‍ടേറിയോയിലും സാസ്‌കാറ്റ്‌ച്ചെവാനിലുമാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്. ഇതോടെ ഒണ്‍ടേറിയോയിലെ തൊഴില്‍ അവസരങ്ങളുടെ എണ്ണം 7.4 ശതമാനം വര്‍ധിച്ച് 3,75,700 ആയും, സാസ്‌കാറ്റ്‌ച്ചെവാനിലേത് 12.2 ശതമാനം വര്‍ധിച്ച് 26,700 ആയും വര്‍ധിച്ചുവെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കും നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്‍പ്പടെ കാനഡയിലേക്ക് കുടിയേറുന്നവര്‍ക്കും ഇത് ഗുണകരമായേക്കും. കാനഡയിലെ തൊഴില്‍ മേഖലയില്‍ ആകെയുള്ള അവസരങ്ങളുടെ എണ്ണം 3.8 ശതമാനമായി (ഏകദേശം 36,300 അവസരങ്ങള്‍) ആയി ഉയര്‍ന്നു. സെപ്റ്റംബറിലെ കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 9,94,800 തൊഴില്‍ അവസരങ്ങളാണ് കാനഡയില്‍ നിലവിലുള്ളത്.

ആരോഗ്യം, ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍ സര്‍വീസസ്, കെട്ടിടനിര്‍മ്മാണം എന്നീ മേഖലകളില്‍ തൊഴിലസവരങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍ മേഖലയില്‍ മാത്രം സെപ്റ്റംബറില്‍ 1,52,400 അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ആരോഗ്യ സംരക്ഷണം, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിലായി 1,59,500 തൊഴിലവസരങ്ങള്‍ സെപ്റ്റംബറില്‍ സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്കാര്‍ക്കും അവസരം

വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് രാജ്യത്തെ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനുള്ള നീക്കത്തിലാണ് കാനേഡിയന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ നൈപുണ്യമുള്ളവര്‍ക്കും കാനഡയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയാണ്. 2025 ആകുമ്പോഴേയ്ക്കും പ്രതിവര്‍ഷം രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണം 5 ലക്ഷം ആയി ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് കാനഡയിലെ ഇമിഗ്രേഷന്‍ റെഫ്യുജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) അധികൃതര്‍ ഏതാനും ആഴ്ച്ച മുന്‍പ് വ്യക്തമാക്കിയിരുന്നു.

2022-23 സാമ്പത്തിക വര്‍ഷം 3,00,000 വിദേശികള്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതില്‍ നല്ലൊരുഭാഗവും ഇന്ത്യക്കാര്‍ക്ക് കിട്ടാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. പൗരത്വം ലഭിക്കുന്നതിനായി വന്ന മൂന്നു ലക്ഷം അപേക്ഷകളില്‍ 2.85 ലക്ഷം അപേക്ഷകള്‍ക്കുള്ള തുടര്‍പ്രക്രിയ 2023 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന് ഐആര്‍സിസി ഇറക്കിയ അറിയിപ്പിലുണ്ട്.

ഇതുവരെ വന്നിട്ടുള്ള അപേക്ഷകളില്‍ ഏതൊക്കെയാണ് അപ്രൂവ് ചെയ്യേണ്ടത്, തിരസ്‌കരിക്കേണ്ടത്, പൂര്‍ത്തിയാകാത്ത അപേക്ഷകള്‍ക്ക് മെമ്മോ അയയ്ക്കേണ്ടത് തുടങ്ങിയ നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 2019-20 കാലയളവില്‍ ഏകദേശം 2,53,000 പേര്‍ക്കാണ് കാനഡ പൗരത്വം നല്‍കിയത്.

താല്‍ക്കാലിക-സ്ഥിര താമസത്തിനായി അപേക്ഷിച്ച 1.8 ലക്ഷം ആളുകള്‍ക്ക് മെഡിക്കല്‍ എക്സാമിനേഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയെന്ന് കാനഡ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. നിലവില്‍ കാനഡയില്‍ താമസിക്കുന്നവരും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്തതുമായ ആളുകള്‍ക്കാണ് ഇളവ് ബാധകമാവുക എന്നും ഐആര്‍സിസി അധികൃതര്‍ അറിയിച്ചു.

ഇവര്‍ പുതിയ താല്‍ക്കാലിക, പെര്‍മെന്റ് റസിഡന്‍സ്നായി കാനഡയില്‍ നിന്നുകൊണ്ടുതന്നെ അപേക്ഷിച്ചവര്‍ ആയിരിക്കണം. മാത്രമല്ല ഇവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം ഇമിഗ്രേഷന്‍ മെഡിക്കല്‍ എക്സാം പാസായവരും, ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണമെന്നും അറിയിപ്പിലുണ്ട്. ഇളവ് 2024 ഒക്ടോബര്‍ ആറുവരെ ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News