പ്രധാനമന്ത്രിയുടെ സന്ദർശത്തിന് മുന്നോടിയായി ഗ്രീകാർഡ് മാനദണ്ഡങ്ങളിൽ ഇളവുമായി ബൈഡൻ
- ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഗുണകരം
- കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ സ്ഥിര താമസത്തിനുള്ള രേഖയാണ് ഗ്രീൻ കാർഡ്
- ജൂൺ 21 മുതൽ 24 വരെയാണ് മോദിയുടെ യുഎസ് സന്ദര്‍ശനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, ഗ്രീൻ കാർഡുകൾക്കുള്ള മാനദണ്ഡങ്ങൾ ഇളവ് ചെയ്ത് യു എസ് ഭരണകൂടം. സ്ഥിരതാമസത്തിനും ഗ്രീൻ കാർഡിനുമായി ദീർഘനാളുകളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കയിൽ ജോലി ചെയ്യാനും അവിടെ തുടരാനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ബൈഡൻ ഭരണകൂടത്തിന്‍റെ പുതിയ നയം പ്രത്യേകിച്ച് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
അമേരിക്കയിലേക്ക് കുടിയേറിയവർക്ക് സ്ഥിര താമസത്തിനുള്ള രേഖയാണ് ഗ്രീൻ കാർഡ്. യു എസ് കുടിയേറ്റ നിയമം അനുസരിച്ച് ഓരോ വർഷവും 1.40 ലക്ഷം വരെ തൊഴില്‍ ഗ്രീൻകാർഡുകൾ മാത്രമേ വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാൽ ഒരു രാജ്യത്തു നിന്നുള്ളവര്‍ക്ക് 7 ശതമാനം വരെ മാത്രമേ ഗ്രീൻകാർഡ് അനുവദിക്കാറുള്ളു.
ശാരീരികമായ ചില മാനദണ്ഡങ്ങളും ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പടെയുള്ള സാമൂഹ്യ ഘടകങ്ങളും കൂടി പരിഗണിച്ചാണ് ഗ്രീന്‍കാര്‍ഡുകള്‍ അനുവദിക്കാറുള്ളത്. കൂടാതെ, അമേരിക്കയില്‍ തൊഴിലെടുക്കാനുള്ള അംഗീകാരം നൽകിയതിനുള്ള വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്നുള്ള പരിശോധനയും തുടര്‍ന്നുണ്ടാകും.
നിർബന്ധിത സാഹചര്യങ്ങളിൽ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിന് (ഇഎഡി) അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമുള്ള യോഗ്യതാ മാനദണ്ഡം ലഘൂകരിച്ചുകൊണ്ടാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. നിയമ പരമായി ജോലി ചെയ്യുന്നവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനു സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സുപ്രധാന നീക്കമാണ് ഇതെന്ന് കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അഭിഭാഷകൻ അജയ് ഭൂട്ടോറിയ പറഞ്ഞു.
യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം ജൂൺ 21 മുതൽ 24 വരെയാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ യു എസ് സന്ദർശനം. ജൂൺ 22 നു നടക്കുന്ന യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാന മന്ത്രി അഭിസംബോധന ചെയ്യും.അന്നു നടക്കുന്ന അത്താഴ വിരുന്നിലും മോഡി പങ്കെടുക്കും. ബൈഡന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയതിനു ശേഷം ആദ്യമായാണ് മോദി യുഎസ് സന്ദര്‍ശിക്കുന്നത്.