യുഎഇയും സ്വദേശിവത്കരണം ശക്തമാക്കുന്നു; സ്വകാര്യ സ്ഥാപനങ്ങളില്‍ 4% സ്വദേശികള്‍
- പുതിയ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാനടപടികള്‍ ആരംഭിച്ചു
സൗദി അറേബ്യക്കു പുറമേ, സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങുകയാണ് യുഎഇയും. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവല്‍കരണ തോത് നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയായാണ് വര്‍ധിപ്പിക്കുന്നത്. ഈവര്‍ഷം അവസാനിക്കുന്നതോടെ രാജ്യത്തുള്ള ഓരോ സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ഇമാറാത്തി ജീവനക്കാരുടെ എണ്ണം നാല് ശതമാനമായി വര്‍ധിപ്പിക്കണമെന്നാണ് നിര്‍ണായക ഉത്തരവിറക്കിയിരിക്കുന്നത്.
നിലവിലെ സ്വദേശിവല്‍കരണ തോത് പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം മുതല്‍ തൊഴില്‍മന്ത്രാലയം പിഴ ഈടാക്കി തുടങ്ങിയിട്ടുമുണ്ട്.
രാജ്യത്ത് അമ്പതിലേറെ ജീവനക്കാര്‍ ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ അവരുടെ ജോലിക്കാരില്‍ രണ്ട് ശതമാനമെങ്കിലും ഇമറാത്തി ജീവനക്കാരെ നിയമിക്കണം എന്നായിരുന്നു നിലവിലുണ്ടായിരുന്ന നിയമം. എന്നാല്‍ പുതിയ പ്രഖ്യാപനത്തോടെ, ഇത് നാല് ശതമാനമായി ഉയരും. ഈവര്‍ഷം അവസാനത്തോടെ ഓരോ സ്ഥാപനങ്ങളും ഇത് കര്‍ശനമായും നടപ്പിലാക്കിയിരിക്കണം.
2026 ഓടെ, മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ പത്ത് ശതമാനമായി സ്വദേശിവല്‍കരണ തോത് ഉയര്‍ത്താനാണ് മാനവിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം ലക്ഷ്യമിടുന്നത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ കുറഞ്ഞത് രണ്ട് ശതമാനം ഇമാറത്തികളെ നിയമിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 ഓടെ അവസാനിച്ചിരുന്നു. സ്വദേശിവല്‍കരണ തോത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന നടപടിയും കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.
കണക്കുകള്‍ പ്രകാരം, നിയമിക്കപ്പെടാത്ത ഒരു സ്വദേശിക്ക് മാസം ആറായിരം ദിര്‍ഹം എന്ന കണക്കില്‍ 72,000 ദിര്‍ഹം വരെയാണ് ഒരുവര്‍ഷം സ്ഥാപനങ്ങള്‍ക്ക് പിഴയിനത്തില്‍ ഈടാക്കുക. കൂടാതെ, നടപ്പുവര്‍ഷം മുതല്‍ പിഴത്തുക വലിയ അളവില്‍ വര്‍ധിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.