കുടുംബത്തോടൊപ്പം യുഎഇയിലെത്താന്‍ ഇനി ഗ്രൂപ്പ് വിസയും

  • യുഎഇയിലേക്ക് മെഡിക്കല്‍ ട്രീറ്റ്മെന്റിനായി വരുന്ന രോഗികള്‍ക്കും അവരെ അനുഗമിച്ച് ഒരുമിച്ച് രാജ്യത്തേക്ക് വരുന്നവര്‍ക്കും ഈ പുതിയ വിസ തന്നെ ഉപയോഗപ്പെടുത്താന്‍ സാധിക്കും

Update: 2023-02-18 06:00 GMT

അബൂദബി: യുഎഇയില്‍ കുടുംബസമേതം സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇനി പുതിയ മാറ്റങ്ങളോടെയുള്ള ഗ്രൂപ്പ് വിസയും ഉപയോഗപ്പെടുത്താം. വിസാ നടപടികളില്‍ അടുത്തിടെ സമഗ്രമമാറ്റങ്ങള്‍ കൊണ്ടുവന്ന യുഎഇ, കുടുംബ ഗ്രൂപ്പ് വിസയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

വിനോദത്തിനായും ചികിത്സയ്ക്കായുമെല്ലാം കുടുംബസമേതം യുഎഇയിലെത്തുന്നവര്‍ക്ക് കുടുംബ ഗ്രൂപ്പ് വിസ അനുവദിച്ച് നല്‍കും. സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി എന്നിങ്ങനെ രണ്ടു കാറ്റഗറികളായി അവതരിപ്പിക്കുന്ന കുടുംബ ഗ്രൂപ്പ് വിസകള്‍ക്ക് 60 ദിവസം, 180 ദിവസം എന്നിങ്ങനെ രണ്ടു തരത്തിലുള്ള കാലാവധിയും നിശ്ചയിച്ചിട്ടുണ്ട്.

യുഎഇയിലേക്ക് മെഡിക്കല്‍ ട്രീറ്റ്മെന്റിനായി വരുന്ന രോഗികള്‍ക്കും അവരെ അനുഗമിച്ച് ഒരുമിച്ച് രാജ്യത്തേക്ക് വരുന്നവര്‍ക്കും ഈ പുതിയ വിസ തന്നെ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

നിലവില്‍ യുഎഇയില്‍ താമസ വിസയിലുള്ള പ്രവാസികള്‍ക്ക് മക്കളേയും മാതാപിതാക്കളേയും ജീവിത പങ്കാളിയേയും സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും പുതിയ വിസാ നിയമങ്ങളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് 90 ദിവസ കാലാവധിയുള്ള വിസയായിരിക്കും അനുവദിക്കുക. 750 ദിര്‍ഹമാണ് ഈ വിസ ലഭിക്കാനുള്ള ഫീസ് നിരക്കായി ഈടാക്കുന്നത്.

യുഎഇയില്‍ 8,000 ദിര്‍ഹമോ അതില്‍ കൂടുതലോ മാസ വേതനമുള്ളവര്‍ക്കാണ് വ്യക്തിഗത വിസ അനുവദിക്കുക. കൂടാതെ ഇവര്‍ക്ക് സ്വന്തം പേരില്‍ കെട്ടിട വാടകക്കരാര്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയോടെയും മാത്രമേ പ്രസ്തുത വിസ ലഭ്യമാവുകയൊള്ളു.

കൂടാതെ, ഇവര്‍ ബാങ്ക് ഗ്യാരന്റിയായി ആയിരം ദിര്‍ഹം നിക്ഷേപിക്കണം. വിസയുടമ മടങ്ങുന്നതോടെ തുക തിരിച്ചു നല്‍കും. വിസാനിയമങ്ങളില്‍ ധാരാളം ഇളവുകളും യു.എ.ഇ ഈ അടുത്തായി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കാലാവധിയുള്ള സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഇനി യുഎഇയില്‍നിന്ന് പുറത്തുപോകാതെ തന്നെ അവരുടെ വിസ പുതുക്കാനും സാധ്യമാകുന്നതാണ് ഏറ്റവും പ്രധാന മാറ്റം.

Tags:    

Similar News