യുഎഇ സമ്പദ് വ്യവസ്ഥ കുതിക്കുന്നു; നടപ്പുവര്‍ഷം 7.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്
- ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിതെന്നാണ് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കുന്നത്
യുഎഇയുടെ സമ്പദ് വ്യവസ്ഥ 11 വര്‍ഷത്തെ ഏറ്റവും വലിയ വളര്‍ച്ചാനിരിക്കില്‍ കുതിക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് സമ്പദ് വ്യവസ്ഥ നടപ്പുവര്‍ഷം 7.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സൂചിപ്പിക്കുന്നത്.ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിതെന്നാണ് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കുന്നത്.
എണ്ണ വ്യാപാരത്തിലെയും, എണ്ണയിതര വ്യാപാരത്തിലെയും മികച്ച പ്രകടനമാണ് നേട്ടങ്ങള്‍ക്ക് കാരണം. രാജ്യം 5.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കഴിഞ്ഞ ജൂലൈയില്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിരുന്നു. അതിലും വളരെയധികം മുകളിലായിരിക്കും വളര്‍ച്ചാ നിരക്കെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.
നടപ്പുവര്‍ഷത്തെ മൂന്നാം പാദത്തില്‍ ആകെ ജിഡിപി വളര്‍ച്ച വേഗത്തിലായിട്ടുണ്ട്. എണ്ണ വ്യാപാരത്തിലേയും എണ്ണയിതര വ്യാപാരത്തിലേയും അതിവേഗ വളര്‍ച്ച ജിഡിപിയെ കാര്യമായി സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ നവംബറില്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക്ക് രാജ്യങ്ങളുടെ തീരുമാനം അടുത്തവര്‍ഷത്തെ വളര്‍ച്ചാനിരക്കിനെ ബാധിച്ചേക്കാം.
കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം മൂലമുണ്ടായ മാന്ദ്യത്തില്‍നിന്ന് യുഎഇ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളുടെയും ഉയര്‍ന്ന എണ്ണവിലയുടെയും പിന്‍ബലത്തിലാണ് ഈ വര്‍ഷം സാമ്പത്തിക മേഖല വേഗത കൈവരിച്ചത്.
അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ യുഎഇ ഈ വര്‍ഷം ആറ് ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പറയുന്നത്.