യു.എ.ഇ: ഇന്ന് മുതല്‍ കോര്‍പ്പറേറ്റ് നികുതിയുടെ രജിസ്‌ട്രേഷന്‍ നടത്താം
- കമ്പനികള്‍ക്ക് ഇമാറ ടാക്‌സ് ഡിജിറ്റല്‍ ടാക്‌സ് സര്‍വീസ് പ്ലാറ്റ്‌ഫോം വഴി രജിസ്‌ട്രേഷൻ സാധ്യം
- ബിസിനസ് ലാഭത്തിന്മേല്‍ 9 ശതമാനം എന്ന രീതിയിലാണ് ഈ കോര്‍പ്പറേറ്റ് നികുതി
- രാജ്യത്തെ എല്ലാ ബിസിനസുകള്‍ക്കും, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബാധകം
യു.എ.ഇയിലെ പൊതു ജോയിന്റ് സ്‌റ്റോക്ക് കമ്പനികള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഇന്ന് (മെയ് 15) മുതല്‍ കോര്‍പ്പറേറ്റ് നികുതിയുടെ രജിസ്‌ട്രേഷന്‍ നടത്താം. കോര്‍പ്പറേറ്റ് നികുതി 2023 ജൂണ്‍ ഒന്നിനോ അതിനു ശേഷമോ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷങ്ങളില്‍ മാത്രമേ ബാധകമാവൂ.
കമ്പനികള്‍ക്ക് EmaraTax ( ഇമാറ ടാക്‌സ്) ഡിജിറ്റല്‍ ടാക്‌സ് സര്‍വീസ് പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചു. കോര്‍പ്പറേറ്റ് നികുതി ആവശ്യങ്ങള്‍ക്കായി യു.എ.ഇയിലുള്ള പൊതു ജോയിന്റ് സ്‌റ്റോക്ക് കമ്പനികളും സ്വകാര്യ സ്ഥാപനങ്ങളുമായ എല്ലാ നികുതി വിധേയരായ വ്യക്തികളെയും രജിസ്റ്റര്‍ ചെയ്യാന്‍ FTA നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ഫ്രീ സോണിന് ബാധകമല്ല. ഇവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ പിന്നീട് ലഭ്യമാക്കും.
കോര്‍പ്പറേറ്റ് നികുതി സംബന്ധിച്ചുള്ള അറിയിപ്പ് കഴിഞ്ഞ വര്‍ഷം 2022 ജനുവരി 31 നാണ് യു.എ.ഇ ധനമന്ത്രാലയം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം, രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് 2023 ജൂണ്‍ ഒന്നിനോ അതിനു ശേഷമോ ആരംഭിക്കുന്ന അവരുടെ ആദ്യ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം മുതല്‍ കോര്‍പ്പറേറ്റ് നികുതി ബാധകമായിരിക്കും.
മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ബിസിനസ് ലാഭത്തിന്മേല്‍ 9 ശതമാനം എന്ന രീതിയിലാണ് ഈ കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ചെറുകിട ബിസിനസുകളെയും സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണയ്ക്കുന്നതിനായി നികുതി ചുമത്താവുന്ന ലാഭം 3,75,000 ദിര്‍ഹം വരെയുള്ള സ്ഥാപനങ്ങള്‍ക്ക് 0 ശതമാനം നികുതി നിരക്ക് ആക്കിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ ബിസിനസുകള്‍ക്കും, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പ്പറേറ്റ് നികുതി ഒരുപോലെ ബാധകമാകുന്നതാണ്. എന്നാല്‍ പ്രകൃതിവിഭവങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഈ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് എമിറേറ്റ് തലത്തിലുള്ള കോര്‍പ്പറേറ്റ് ടാക്‌സ് വ്യവസ്ഥ തുടരുന്നതാണ്.
തൊഴില്‍, റിയല്‍ എസ്‌റ്റേറ്റ്, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തിഗത വരുമാനത്തിന് കോര്‍പ്പറേറ്റ് നികുതി ബാധകമല്ലെന്നും ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ബിസിനസ് അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നല്ലാതെ, വ്യക്തികള്‍ക്ക് യു എ ഇയില്‍ ലൈസന്‍സുള്ളതോ, ഏറ്റെടുക്കാന്‍ അനുമതിയുള്ളതോ ആയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനും ഈ നികുതി ബാധകമല്ല.
എല്ലാ നിയന്ത്രണ വ്യവസ്ഥകളും പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഫ്രീ സോണ്‍ ബിസിനസുകള്‍ക്ക് നിലവില്‍ നല്‍കുന്ന കോര്‍പ്പറേറ്റ് നികുതി ആനുകൂല്യങ്ങള്‍ തുടരുമെന്നും ധനമന്ത്രാലയം അറിയിച്ചിരുന്നു.