കുവൈത്തിലെ ലേബര്‍ മാര്‍ക്കറ്റില്‍ പരിശോധന കടുപ്പിക്കുന്നു; പുതിയ സംഘം ചുമതലയേറ്റു
- പുതിയ നീക്കത്തിലൂടെ പരിശോധനകള്‍ കര്‍ശനമാക്കി നിയമലംഘകരെ കണ്ടത്തി തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
കുവൈത്തിലെ ലേബര്‍ മാര്‍ക്കറ്റില്‍ പരിശോധനകള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ സംഘം കഴിഞ്ഞ ദിവസം ചുമതലയേറ്റു. 76 ജൂഡീഷ്യല്‍ ഇന്‍സ്പെക്ടര്‍മാരാണ് ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന് മുന്നില്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
രാജ്യത്താകമാനം തൊഴില്‍ വിപണിയിലും മാര്‍ക്കറ്റുകളിലും പരിശോധനകള്‍ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ നേതൃത്വത്തില്‍ ജൂഡീഷ്യല്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചിരിക്കുന്നത്.
പുതിയ നീക്കത്തിലൂടെ പരിശോധനകള്‍ കര്‍ശനമാക്കി നിയമലംഘകരെ കണ്ടത്തി തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ മര്‍സൂഖ് അല്‍ ഒതൈബി, മാന്‍പവര്‍ പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഫഹദ് അല്‍ മുറാദ്, ഖാലിദ് അല്‍ തവാല എന്നിവരടങ്ങിയ ഉന്നത അധികാരികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പുതിയതായി സ്ഥാനമേറ്റ ഇന്‍സ്പെക്ടര്‍മാര്‍ക്ക് അഭ്യന്തര മന്ത്രിയുടെ പ്രത്യേക ആശംസകള്‍ നേര്‍ന്നു. ഈ മേഖലയില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ ഉത്തരവാദിത്തമാണ് നിര്‍വ്വഹിക്കാനുള്ളതെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സത്യസന്ധതയോടും ആത്മാര്‍ത്ഥയോടും ജോലിചെയ്യാനും ഉദ്യോഗസ്ഥരോട് ശൈഖ് തലാല്‍ ആവശ്യപ്പെട്ടു.
കൂടാതെ രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയാനായി സര്‍ക്കാര്‍ നടത്തുന്ന ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും അധികാരികള്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.