ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ മേളക്ക് ദുബായിയില്‍ തുടക്കമായി
- കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം അധികം സ്റ്റാളുകളാണ് ഇത്തവണ മേളയില്‍ ഒരുക്കിയിരിക്കുന്നത്
ലോകത്തെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ, പാനീയ മേളയായ 'ഗള്‍ഫുഡി'ന് ദുബായിയില്‍ തുടക്കം. ദുബായ് വേള്‍ഡ്ട്രേഡ് സെന്ററിലാണ് ഭക്ഷ്യമേളയ്ക്ക് അരങ്ങൊരുങ്ങിയിരിക്കുന്നത്. മേളയുടെ 28ാം പതിപ്പാണ് ഇന്ന് ദുബായിയില്‍ തുടങ്ങിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്നെത്തുന്ന ഉപഭോക്താക്കള്‍ക്ക് വിവിധ തരം ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന മേളയില്‍ ലോകപ്രശസ്തമായ വിവിധ കമ്പനികള്‍ പങ്കെടുക്കും.
അഞ്ചുദിവസങ്ങളിലായാണ് മേള നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം അധികം സ്റ്റാളുകളാണ് ഇത്തവണ മേളയില്‍ ഒരുക്കിയിരിക്കുന്നത്. പുതിയതായി 1500 ഓളം പ്രദര്‍ശകരടക്കം അയ്യായിരത്തിലേറെ സ്റ്റാളുകളാണുള്ളത്. കൂടാതെ, ഭക്ഷ്യോത്പാദന-വിതരണ മേഖലകളുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിഷയങ്ങളിലുള്ള ചര്‍ച്ചകളും സംവാദങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പുതിയ ആശയങ്ങളും സംരംഭങ്ങളുമായി എത്തിയവര്‍ക്ക് 10,000 സ്‌ക്വയര്‍ മീറ്ററില്‍ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ടട്ര തലത്തിലെ തന്നെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം എത്തിച്ചേരുന്ന മേളയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
വിവിധ രാജ്യങ്ങളിലാകമാനം ഭക്ഷ്യോത്പന്ന വിലക്കയറ്റവും പണപ്പെരുപ്പവും ഉടലെടുത്ത സാഹചര്യത്തില്‍ മേളയെ വലിയ പ്രതീക്ഷയോടെയാണ് കമ്പനികളെല്ലാം നോക്കിക്കാണുന്നത്. ഭക്ഷ്യ-വ്യവസായ മേഖലയിലെ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'ഗള്‍ഫുഡ് ഗ്രീന്‍', ലോകത്താകമാനം മരങ്ങള്‍ നട്ട് പിടിപ്പിച്ചും സംരക്ഷിക്കുന്നതിനുമുള്ള 'ഗള്‍ഫുഡ് ഗ്ലോബല്‍ ഫോറസ്റ്റ്', വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും സംരംഭകരും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന ഇന്‍സ്പെയര്‍ കോണ്‍ഫറന്‍സ് എന്നിവയുമെല്ലാം ഇത്തവണത്തെ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
മേളയുടെ ഭാഗമായി ഭക്ഷ്യമേഖലയില്‍ ഫുഡ്‌മെറ്റാവേഴ്സ് ഉള്‍പ്പെടെയുള്ള നൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും ചര്‍ച്ചയാവുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, വിവിധ കമ്പനികള്‍ തമ്മില്‍ സഹകരണ കരാറുകള്‍ രൂപപ്പെടുത്താനും ധാരണയായിട്ടുണ്ട്.