ലോകകപ്പ് ആരവങ്ങളൊഴിഞ്ഞെങ്കിലും ഖത്തറില്‍ താമസ വാടക ഉയര്‍ന്നു തന്നെ

  • ലഭ്യത വര്‍ധിക്കുന്നതോടൊപ്പം താമസ വാടകയും കൂടുന്ന വിപരീത പ്രതിഭാസത്തിനാണ് ഖത്തര്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്

Update: 2023-02-07 06:15 GMT

ലോകകപ്പ് ഫുട്ബോളും ആരവങ്ങളും ഒഴിഞ്ഞെങ്കിലും ഖത്തറെന്ന കുഞ്ഞന്‍ രാജ്യത്തെ താമസച്ചിലവില്‍ കാര്യമായ കുറവ് സംഭവിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിനോടനുബന്ധിച്ചാണ് രാജ്യത്തെ താമസ വാടക ഉയര്‍ന്നിരുന്നത്. ലോക മഹാമാമാങ്കം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലയും ഇടനിലക്കാരും വന്‍ ലാഭം കൊയ്തു കൊണ്ടിരിക്കുകയാണെന്നാണ് ആരോപണം.

നിലവില്‍ മിഡിലീസ്റ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ താമസ വാടകയുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങള്‍ ഒഴിയുന്നതോടെ ഖത്തറിലെ താമസ വാടകയില്‍ കാര്യമായ കുറവുണ്ടാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണ് സംഭവിച്ചത്.

ഗ്ലോബര്‍ പ്രോപര്‍ട്ടി ഗൈഡാണ് ഖത്തറിനെ മിഡിലീസ്റ്റിലെ താമസ വാടക ഏറ്റവും കൂടുതലുള്ള രാജ്യമായി കണക്കാക്കുന്നത്. 2ബിഎച്ച്കെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ശരാശരി കണക്കാക്കിയാല്‍ യുഎഇയേക്കാള്‍ വാടകയുണ്ട് ഖത്തറില്‍. മിഡിലീസ്റ്റില്‍ പൊതുവേ താമസ വാടകയും ജീവിതച്ചെലവും കൂടുതലായി ഈടാക്കിയിരുന്നത് യുഎഇയായിരുന്നു.

ലോകകപ്പ് സമയത്തെ വിദേശികളുടെ തള്ളിക്കയറ്റം മുന്നില്‍ കണ്ട് നിരവധി അപ്പാര്‍ട്ട്മെന്റുകളും ഫാന്‍ വില്ലേജുകളും വരെ ഖത്തറില്‍ ഒരുക്കിയിരുന്നു. കൂടാതെ കപ്പലുകളിലും താല്‍കാലിക ടെന്റുകളിലുമെല്ലാം താമസസൗകര്യം തയാറാക്കിയിരുന്നു.

ലോകകപ്പ് കഴിഞ്ഞ് യൂറോപ്പ്, അമേരിക്കന്‍ ഐക്യനാടുകള്‍ അടക്കം പല രാജ്യങ്ങളില്‍ നിന്നുമുള്ള ആരാധകരെല്ലാം രാജ്യം വിട്ടതോടെ ലോകകപ്പ് ദിനങ്ങളില്‍ ആരാധകര്‍ക്കായി മാത്രമൊരുക്കിയ പല താമസസ്ഥലങ്ങളും നിലവില്‍ സാധാരണക്കാരായ പ്രവാസികള്‍ക്കും താമസത്തിനായി വിട്ട് നല്‍കുന്നുണ്ട്. ഖത്തറിലെ പ്രവാസികളില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളുമാണ്.

എന്നാല്‍, ലഭ്യത വര്‍ധിക്കുന്നതോടൊപ്പം തന്നെ താമസ വാടകയും കൂടുന്ന വിപരീത പ്രതിഭാസത്തിനാണ് നിലവില്‍ ഖത്തര്‍ സാമ്പത്തിക മേഖല സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കെട്ടിട ഉടമകള്‍ക്കും സാധാരണ പ്രവാസികള്‍ക്കുമിടയിലെ ഇടനിലക്കാരാണ് ഇത്തരത്തില്‍ വാടക ഉയര്‍ന്നു നില്‍ക്കുന്നതിന് തന്നെ പ്രധാന കാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

നിലവില്‍ മലയാളികളടക്കമുള്ള കുറഞ്ഞ വരുമാനക്കാരായ പ്രവാസികളേയും അവരെ ആശ്രയിച്ചെത്തുന്ന കുടുംബങ്ങളെയാണ് ഇത് കാര്യമായി ബാധിക്കുന്നത്.

Tags:    

Similar News