സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി അവതരിപ്പിച്ച് കുവൈത്ത്

  • സമാനമായ രീതിയില്‍ സ്മാര്‍ട്ട് ഐഡിയില്‍ ക്രമീകരിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കുന്നതായിരിക്കും

Update: 2023-03-01 09:45 GMT

കുവൈത്തില്‍ തൊഴില്‍ വിപണിയെ ആധുനികവത്കരിക്കുന്നതിന്റെയും കൂടുതല്‍ സുതാര്യമാക്കുന്നതിന്റെയും ഭാഗമായി സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കി. കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് പുതിയ സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി അവതരിപ്പിച്ച വിവരം അറിയിച്ചത്.

നിലവിലുള്ള കുവൈത്ത് മൊബൈല്‍ ഐഡി വഴിയാണ് സ്മാര്‍ട്ട് എംപ്ലോയീസ് ഐഡിയും ലഭ്യമാവുക. മൊബൈല്‍ ഐഡിയില്‍ ലോഗിന്‍ ചെയ്തതിന് ശേഷം, വാലറ്റില്‍ ക്ലിക്ക് ചെയ്താണ് സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.

കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസബാഹിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് മാന്‍പവര്‍ അതോറിറ്റി പുതിയ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.

തൊഴിലാളിയുടെ നിയമപരമായ സ്റ്റാറ്റസ്, വര്‍ക്ക് പെര്‍മിറ്റ് ഡാറ്റ, ജോലി ചെയ്യുന്ന കമ്പനിയുടെ വിലാസം, പൊതുമേഖലയിലാണോ സ്വകാര്യ മേഖലയിലാണോ ജോലി ചെയ്യുന്നത് തുടങ്ങിയ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി വഴി അറിയുവാന്‍ സാധിക്കും.

സമാനമായ രീതിയില്‍ സ്മാര്‍ട്ട് ഐഡിയില്‍ ക്രമീകരിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കുന്നതായിരിക്കും.

കൂടാതെ ഗള്‍ഫ് ലേബര്‍ ഗൈഡ് അനുസരിച്ച് ജീവനക്കാരെ അവരുടെ തസ്തികകള്‍ അനുസരിച്ചുള്ള ജോലികള്‍ക്കായി നിയോഗിക്കണമെന്നും തൊഴില്‍ നിയമങ്ങളുടെ ലംഘനങ്ങളും മറ്റും ഒഴിവാക്കണമെന്നും സ്വകാര്യ മേഖലയിലെ കമ്പനികളോട് മാന്‍പവര്‍ പബ്ലിക് അതോറിറ്റി പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News