ശൈഖ് സായിദ് മാരത്തോണ്‍ ഇനി കേരളത്തിലും

  • പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള ഫണ്ട് ശേഖരിക്കുക ലക്‌ഷ്യം
  • ഏറ്റവും കൂടുതല്‍ മലയാളികള്‍ പ്രവാസികളായുള്ള രാജ്യം
  • 2005 ലായിരുന്നു തുടക്കം

Update: 2023-06-19 14:00 GMT

ശൈഖ് സായിദ് ചാരിറ്റി മാരത്തോണ്‍ ഇനി കേരളത്തിലും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുഎഇയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കായിക മത്സരമാണ് ചാരിറ്റി മാരത്തോണ്‍. ദുബൈയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ശൈഖ് സായിദ് മാരത്തോണ്‍ സംഘാടക സമിതിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. യുഎഇയുടെ രാഷ്ട്ര ശില്‍പി ശൈഖ് സായിദിന്റെ സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് എല്ലാ വര്‍ഷവും മാരത്തോണ്‍ നടത്തുന്നത്. 2005ലായിരുന്നു ഇതിന്റെ തുടക്കം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് ഇത്തരമൊരു നിര്‍ദേശം വച്ചത്. ശൈഖ് സായിദ് മാരത്തോണ്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ കഅ്ബി, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം പ്രവാസി വ്യവസായി എംഎ യൂസുഫലിയും മുഖ്യമന്ത്രി പിണറായിയുമായുളള ചര്‍ച്ചയില്‍ പങ്കെടുത്തു.

ഏറ്റവും കൂടുതല്‍ മലയാളികള്‍ പ്രവാസികളായുള്ള രാജ്യം എന്നതു കൂടി മുന്‍നിര്‍ത്തിയാണ് സായിദ് മാരത്തോണിന് കേരളത്തെ തെരഞ്ഞെടുത്തതെന്ന് മുഹമ്മദ് ഹിലാല്‍ അല്‍ കഅ്ബി പറഞ്ഞു. മാരത്തോണ്‍ നടത്തിപ്പിന്റെ എല്ലാ ചെലവുകളും യുഎഇ വഹിക്കും. പരിപാടിയുടെ നടത്തിപ്പിന് കമ്മിറ്റിക്ക് രൂപം നല്‍കും.

Tags:    

Similar News