പാലുല്‍പ്പാദന രംഗത്ത് മുന്നേറാനൊരുങ്ങി ഷാര്‍ജ

  • മലീഹയില്‍ കൂറ്റന്‍ പശുവളര്‍ത്തല്‍ കേന്ദ്രമൊരുക്കി ഷാര്‍ജ

Update: 2023-03-22 07:30 GMT

മരുഭൂമി കര്‍ഷകര്‍ക്കായി മാറ്റിയെടുക്കുന്ന ഷാര്‍ജ ഭരണകൂടം പശുവളര്‍ത്തനലില്‍ മുന്നേറാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മലീഹയില്‍ കൂറ്റന്‍ പശുവളര്‍ത്തല്‍ കേന്ദ്രമാണ് തയ്യാറാക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഷാര്‍ജയില്‍ വിജയകരമായി വിളയിച്ച ഹെക്ടര്‍ കണക്കിന് ഗോതമ്പ് കൃഷി വിളവെടുത്തത്. മരുഭൂമിയിലെ കൃഷി മേഖലയില്‍ വന്‍ വിപ്ലവത്തിനാണ് ഈ പദ്ധതിയിലൂടെ ഷാര്‍ജ ആരംഭം കുറിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ മരുഭൂമി കര്‍ഷകര്‍ക്കായി മാറ്റിയെടുക്കുകയാണ് ഷാര്‍ജ ഭരണകൂടം.

ഗോതമ്പ് പാടത്തെ ആദ്യ വിളവെടുപ്പിന് എത്തിയ ഷാര്‍ജ ഭരണാധി ഡോ. ശൈഖ് സുല്‍ത്താനാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പാലുല്‍പ്പാദന കേന്ദ്രവും, പാലുല്‍പ്പന്ന ഫാക്ടറിയുമടക്കം വമ്പന്‍ പദ്ധതികളാണ് ഷാര്‍ജയിലെ മണല്‍പ്പാടത്ത് ഒരുക്കുന്നത്.

ഷാര്‍ജയുടെ ഹെക്ടര്‍ കണക്കിന് വിശാലതയുള്ള ആദ്യത്തെ ഗോതമ്പ് പാടം സ്ഥിതി ചെയ്യുന്ന മലീഹക്ക് അടുത്ത് തന്നെയാണ് വിപുലമായ പശുവളര്‍ത്തല്‍ പദ്ധതിയും ആവിഷ്‌കരിച്ചിരിക്കുന്നത്.

നിലവിലെ ഗോതമ്പ് പാടത്തുനിന്നും ഒമ്പത് കിലോമീറ്റര്‍ അകലെയായി ആയിരത്തിലധികം പശുക്കളുമായാണ് പശുവളര്‍ത്തല്‍ കേന്ദ്രം നിര്‍മ്മിക്കുന്നത്. ഇവയോടൊപ്പം തന്നെ പാല്‍ ഉല്‍പ്പാദന കേന്ദ്രവും, പാലുല്‍പ്പന്ന ഫാക്ടറിയും സജ്ജമാക്കുമെന്നും ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി പറയുന്നു.

നിലവില്‍ ഷാര്‍ജയിലെ പാടത്ത് വിളയിച്ച ഗോതമ്പില്‍നിന്ന് ഉല്‍പ്പാദിപ്പിച്ച ബ്രഡ് മാത്രമല്ല, പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച് ചീസും താമസിയാതെ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുമെന്നാണ് അധികാരികള്‍ ഉറപ്പു നല്‍കുന്നത്.

കഴിഞ്ഞ നവംബറിലാണ് ഷാര്‍ജയിലെ മലീഹയില്‍ 400 ഹെക്ടര്‍ സ്ഥലത്ത് ഗോതമ്പ് വിത്ത് പാകിയത്. ഇന്നലെയായിരുന്നു ഈ പ്രദേശത്തെ ഗോതമ്പ് വിളവെടുപ്പും ആരംഭിച്ചത്. അടുത്തവര്‍ഷം ഈ ഗോതമ്പ് കൃഷി 880 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ഇത് 1400 ഹെക്ടറിലേക്ക് ഉയര്‍ത്താനും തീരുമാനമെടുത്തിട്ടുണ്ട്.

മരുഭൂമിയിലെ ഗോതമ്പ് പാടത്തെ കന്നിക്കൊയ്ത്തിന്റെ സുന്ദര കാഴ്ച കാണാനായി ഷാര്‍ജ ഭരണാധികാരികളെ ഉന്നതരും പരിസ്ഥിതി മന്ത്രി മറിയം ബിന്‍ത് മുഹമ്മദ് ആല്‍ മുഹൈരിയും സുപ്രീംകൗണ്‍സില്‍ കാര്യമന്ത്രി അബ്ദുല്ല ബിന്‍ മുഹൈര്‍ അല്‍ കത്ബി തുടങ്ങിയവരുമടക്കമുള്ള ഉന്നത സംഘം എത്തിയിരുന്നു.

Tags:    

Similar News