അസീര്‍; സൗദിയിലെ സഞ്ചാരികളുടെ പറുദീസ തേടിയെത്തുന്നവര്‍ ശ്രദ്ധിക്കുക

  • വിനോദങ്ങള്‍ക്കും മറ്റുജോലികള്‍ക്കുമായി ഇവിടെ എത്തുന്നവരുടെ ആഹാരശീലങ്ങള്‍ ഈ മേഖലയില്‍ താമസിക്കുന്നവരില്‍നിന്നും വളരെ വ്യത്യസ്ഥമാണ്

Update: 2023-03-01 06:00 GMT

ടൂറിസം മേഖലയില്‍ പുതിയ വാതായനങ്ങള്‍ തുറന്ന് ഗതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ് സൗദി. എണ്ണയിതര മേഖലകളെ കൂടി തങ്ങളുടെ സ്രോതസ്സാക്കി മാറ്റാനുള്ള സൗദി അധികാരികളുടെ ആഗ്രഹങ്ങളെ ഒട്ടും നിരാശപ്പെടുത്താതെ തന്നെ ആ പദ്ധതികളെല്ലാം വളരെ വിജയകരമായി മുന്നോട്ടു പോവുകയാണ്.

പ്രാചീന ചരിത്ര ശേഷിപ്പുകളും നവീനമായി വികസിപ്പിച്ചെടുത്ത ആധുനിക നരഗങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം സൗദി ടൂറിസത്തിന് ആരാധകരെ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. എന്നാല്‍ പ്രകൃതിയും സ്വയമേവ തീര്‍ക്കുന്ന നിരവധി വിനോദ കേന്ദ്രങ്ങളുണ്ട് സൗദിയില്‍.

അത്തരത്തിലൊരു പറുദീസയാണ് അസീര്‍ പ്രവിശ്യ സഞ്ചാരികള്‍ക്കായി സമ്മാനിക്കുന്നത്. മഴയെത്തുന്നതോടെ ടൂറിസ്റ്റുകളും ഒഴുകിയെത്തുന്നതിനായി കാത്തിരിക്കുകയാണ് പ്രകൃതിയുടെ സൗന്ദര്യം കൊണ്ടനുഗ്രഹീതമായ അസീര്‍ പ്രവിശ്യ.

സൗദിയുടെ ഇതര ഭാഗങ്ങളെല്ലാം ചൂട് പിടിക്കുമ്പോള്‍ തണുപ്പേറി അത്ഭുതം സൃഷ്ടിക്കുന്ന മേഖലയാണ് അബഹയുള്‍പ്പെടെയുള്ള അസീര്‍ പ്രദേശം.

എന്നാല്‍ വെത്യസ്ത കാലാവസ്ഥയില്‍ അസീറിലെത്തുന്ന സഞ്ചാരികള്‍ കൂടുതല്‍ മുന്‍ കരുതലോടെ മാത്രമേ ഇവിടേക്കെത്താന്‍ പാടൊള്ളുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നത്.

അടുത്ത മാസത്തോടെ അഥവാ മാര്‍ച്ച് മുതലാരംഭിക്കുന്ന പുതിയ സീസണില്‍ അബഹയിലേക്കും ഖമീസിലേക്കും പരിസരത്തെ ചരിത്ര പ്രദേശങ്ങളിലേക്കുമെല്ലാം സഞ്ചാരികള്‍ ഒഴുകിയെത്തും. കോടയും മൂടല്‍ മഞ്ഞുമിറങ്ങുന്ന അസീര്‍ മേഖല അന്താരാഷ്ട്ര-സ്വദേശി സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.

എന്നാല്‍ വ്യത്യസ്ത കാലാവഥ കാരണം ഇവിടെയെത്തുന്ന സന്ദര്‍ശകരില്‍ പലര്‍ക്കും ശാരീരിക പ്രയാസങ്ങളും അസ്വസ്ഥതകളുമുണ്ടാകാറുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും ഏറെ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഇവിടെയെത്തുന്നവര്‍ നിര്‍ബന്ധമായും ചില മുന്‍കരുതലെടുത്താല്‍ യാത്രയെ അവിസ്മരണീയമാക്കാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

സഞ്ചാരികള്‍ക്ക് മാത്രമല്ല ഈ മുന്നറിയിപ്പ്, മറിച്ച് ഈ പ്രദേശങ്ങളില്‍ ഒരുപാടു ദിവസം താമസിക്കാനെത്തുന്നവും പ്രദേശത്തെ സ്ഥിര താമസക്കാരായ പ്രവാസികളുമെല്ലാം ആവശ്യമായ ശാരീരിക ക്ഷമത ഉറപ്പാക്കിയിരിക്കണം.

പ്രദേശത്ത് അധികനേരം തങ്ങുന്നവരുടെ ഹൃദയത്തിനടക്കം പ്രയാസം നേരിടാനുള്ള സാധ്യതയുള്ളതിനാല്‍ എല്ലാ ദിനവും വ്യായാമം ചെയ്യലും നിര്‍ബന്ധമാണ്. തണുപ്പ് സമയങ്ങളില്‍ കുഞ്ഞുങ്ങള്‍ക്കും പ്രായമേറിയവര്‍ക്കും പ്രത്യേകം ശ്രദ്ധ നല്‍കലും അത്യാവശ്യമാണ്.

വിനോദങ്ങള്‍ക്കും മറ്റുജോലികള്‍ക്കുമായി ഇവിടെ എത്തുന്നവരുടെ ആഹാരശീലങ്ങള്‍ ഈ മേഖലയില്‍ താമസിക്കുന്നവരില്‍നിന്നും വളരെ വ്യത്യസ്ഥമാണ്. ഇതും ആരോഗ്യത്തിന് വലിയ പ്രയാസങ്ങളുണ്ടാക്കിയേക്കും. ജീവിത ശൈലീ രോഗികളായിട്ടുള്ളവര്‍ അവരുടെ ആരോഗ്യ പരിശോധനകള്‍ ഉറപ്പു വരുത്തണമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം മുന്‍കരുതലുകളുടെ ഭാഗമായി പ്രവാസികള്‍ക്കായി മെച്ചപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

മാര്‍ച്ചോടെയെത്തുന്ന മഴയും കോടമഞ്ഞും ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനാവശ്യമായ മുന്നൊരുക്കത്തോടെയെത്തിയാല്‍ അതി മനോഹരമായൊരു യാത്രാനുഭവം സമ്മാനിക്കാന്‍ ഈ പ്രദേശത്തിനാവും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മികച്ച ജീവിത ശൈലിയുള്ളവര്‍ക്ക് എത്ര കാലവും സുഖകരമായി തങ്ങാവുന്ന മികച്ചൊരു സഞ്ചാര കേന്ദ്രവുമാണ് അസീര്‍ പ്രദേശം.

Tags:    

Similar News