സൗദി-തുര്‍ക്കി വ്യപാരത്തില്‍ കുതിച്ചുചാട്ടം; നടപ്പുവര്‍ഷം 4.3 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു
- ഉഭയകക്ഷി വ്യാപാരം വീണ്ടും സജീവമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു
സൗദി അറേബ്യയുടേയും തുര്‍ക്കിയുടേയും വ്യാപാരമേഖല വീണ്ടും സജീവമാകുന്നു. ഇരുരാജ്യങ്ങളുടേയും വ്യപാര വിനിമയത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി തുര്‍ക്കി ധനകാര്യമന്ത്രി നൗറുദ്ദീന്‍ നബതായ് ആണ് വെളിപ്പെടുത്തിയത്.
വിവിധ രാഷ്ട്രീയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും ഏറെക്കാലമായി അഭിപ്രായ ഭിന്നതകള്‍ തുടര്‍ന്നിരുന്നു. ചില വിഷയങ്ങളിലെ തുര്‍ക്കിയുടെ സൗദി വിരുദ്ധ പ്രസ്താവനയോടെ അവര്‍ക്കെതിരെ രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌കരണവുമായും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ഇരു രാജ്യങ്ങളുടേയും ഭരണാധികാരികളുടെ ചര്‍ച്ചകളിലൂടെ ബന്ധം പുനസ്ഥാപിച്ചത്.
ഇതോടെ ഉഭയകക്ഷി വ്യാപാരം വീണ്ടും സജീവമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നടപ്പുവര്‍ഷം ആദ്യ പത്ത് മാസങ്ങളില്‍ മാത്രം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യപാരം 4.3 ബില്യണ്‍ ഡോളര്‍ മറികടന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 3.7 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം. സൗദിയിലെ നിക്ഷേപകരോട് ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനും തുര്‍ക്കി ധനകാര്യ മന്ത്രി ആവശ്യപ്പെട്ടു. സൗദിയില്‍ നിന്ന് തുര്‍ക്കിയിലേക്കും തിരിച്ചുമുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലും വലിയ വര്‍ധനവ് കാണിക്കുന്നുണ്ട്.