സൗദി പ്രെഫഷണല്‍ വിസ; എംബസി കോണ്‍സുലേറ്റ് അറ്റസ്റ്റേഷന് പകരം അപോസ്റ്റല്‍ അറ്റസ്റ്റേഷന്‍

  • ഉടനടി ജോലിക്ക് ചേരേണ്ടിവരുന്നവര്‍ക്ക് പുതിയ രീതി വലിയ ഉപകാരമാകും

Update: 2023-01-16 06:30 GMT

സൗദി പ്രെഫഷണല്‍ വിസ സ്റ്റാമ്പിംഗിന് ഇനി മാസങ്ങളും ആഴ്ചകളുമൊന്നും കാത്തിരിക്കേണ്ടി വരില്ല. മാസങ്ങളോളം നീണ്ടിരുന്ന എംബസി കോണ്‍സുലേറ്റ് അറ്റസ്റ്റേഷന് പകരം ഇനി അപോസ്റ്റല്‍ അറ്റസ്റ്റേഷന്‍ മതിയാകും.

പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം. ഡെല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നാണ് അപോസ്റ്റല്‍ അറ്റസ്റ്റേഷന്‍ ലഭിക്കുക. പരമാവധി ഏഴു ദിവസം മാത്രമാണ് ഇതിനായി ആവശ്യമായി വരിക.

ഇതുവരെ സൗദിയിലേക്ക് വിവിധ പ്രഫഷണല്‍ വിസകളില്‍ വരുന്നവര്‍ക്ക് വിസ സ്റ്റാമ്പിംഗിനായി സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നിര്‍ബന്ധമായിരുന്നു. വിസ ഹോള്‍ഡറുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണെന്ന് ഔദ്യോഗികമായി ഉറപ്പു വരുത്തുന്ന നടപടികളാണിത്. ഇതിനായി സൗദിയുടെ മുംബൈ കോണ്‍സുലേറ്റിലേക്കോ ഡെല്‍ഹി എംബസിയിലേക്കോ വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ അയക്കും.

തുടര്‍ന്ന് എംബസിയും കോണ്‍സുലേറ്റും സര്‍ട്ടിഫിക്കറ്റുകള്‍ അസ്സലാണെന്ന് ഉറപ്പു വരുത്താന്‍ അതത് സര്‍വകലാശാലകളിലേക്കും അയച്ചുകൊടുക്കലാണ് അടുത്ത നടപടി. ഈ നടപടികള്‍ക്ക് മാത്രമായി മാസങ്ങളോളം സമയമെടുത്തിരുന്നു. ഇത്തരത്തില്‍ കാലതാമസം വരുന്നതോടെ വിസ ലഭിച്ചിട്ടും തൊഴില്‍ നഷ്ടമാകുന്ന നിരവധി സാഹചര്യങ്ങളും സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ പുതിയ രീതിയിലൂടെ സാധിക്കും.

എന്നാല്‍ പെര്‍മനന്റ് ഫാമിലി വിസ എടുക്കാന്‍ എംബസിയോ കോണ്‍സുലേറ്റോ അറ്റസ്റ്റ് ചെയ്ത ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ വേണ്ടിവരുമെന്നാണ് ട്രാവല്‍ സര്‍വിസ് മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ വിഷയത്തിലെ നടപടിക്രമങ്ങളില്‍ കൃത്യത ലഭിക്കണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

ഉടനടി ജോലിക്ക് ചേരേണ്ടിവരുന്നവര്‍ക്ക് പുതിയ രീതി വലിയ ഉപകാരമാകും. കൂടാതെ, സൗദിയിലെത്തിയ ശേഷം ഇവര്‍ക്ക്, എംബസി അറ്റസ്റ്റേഷന്‍ അത്യാവശ്യമെങ്കില്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നാട്ടിലേക്കയച്ച് സാധാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാവുന്നതാണ്.

Tags:    

Similar News