സൗദി അറേബ്യയില്‍ നിതാഖാത്ത് പദ്ധതിയില്‍ നിശ്ചിത പ്രായപരിധി കര്‍ശനമാക്കുന്നു

  • സ്വകാര്യ മേഖലയില്‍ നിയമിക്കപ്പെടുന്ന സ്വദേശികള്‍ 18നും 60നും മധ്യേ പ്രായമുള്ളവരായിരിക്കണം
  • സ്‌പോണ്‍സര്‍ മാറി മറ്റൊരാളുടെ കീഴില്‍ തൊഴിലെടുക്കുന്നതും കടുത്ത നിയമലംഘനം

Update: 2023-01-11 07:00 GMT

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതം വര്‍ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിതാഖാത്ത് പദ്ധതിയില്‍ പ്രായപരിധി കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശവുമായി സൗദി മാനവവിഭവശേഷി മന്ത്രാലയം.

പതിനെട്ട് വയസ്സിനും അറുപത് വയസ്സിനുമിടയില്‍ പ്രായമുള്ള സൗദി സ്വദേശികളെ മാത്രമാണ് നിതാഖാത്ത് പദ്ധതിയില്‍ സൗദി ജീവനക്കാരായി പരിഗണിക്കുകയുള്ളൂവെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഇനി മുതല്‍, നിതാഖാത്ത് പദ്ധതിയില്‍ സ്വദേശി അനുപാതം കണക്കാക്കുന്നതിനായി നിയമിക്കുന്ന സൗദി പൗരന്‍മാരുടെ പ്രായത്തില്‍ ഒരു വിട്ട് വീഴ്ചയും അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിശ്ചിത പ്രായപരിധിക്കിടയില്‍ തന്നെയുള്ള സ്വദേശികളെ തന്നെ സ്വകാര്യ മേഖലയില്‍ നിയമിക്കാത്ത പക്ഷം, ഇത്തരം നിയമനങ്ങള്‍ നിതാഖാത്ത് പരിധിയില്‍ ഉള്‍പ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ, വിദേശ തൊഴിലാളികളുടെ തൊഴിലിടങ്ങളെല്ലാം സ്‌പോണ്‍സര്‍ക്ക് കീഴിലുള്ളവ തന്നെയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സ്‌പോണ്‍സര്‍ മാറി മറ്റൊരാളുടെ കീഴില്‍ തൊഴിലെടുക്കുന്നതും കടുത്ത നിയമലംഘനമാണെന്നും ഇത്തരം ലംഘനങ്ങള്‍ക്ക് കടുത്ത പിഴയും നാട് കടത്തലുമായിരിക്കും ശിക്ഷയെന്നും മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്ത് തൊഴിലാളിക്ക് തൊഴിലിടത്തിന് അനുസരിച്ച് സ്‌പോണ്‍സര്‍ഷിപ്പ് മാറാനുള്ള സാഹചര്യം നിലവിലുണ്ടെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

ഇത്തരത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയെടുക്കേണ്ടി വരുന്നവര്‍ ഔദ്യോഗിക പ്ലാറ്റ്ഫോമായ അജീര്‍ പ്ലാറ്റഫോം വഴി പുതിയ കരാറിലേര്‍പ്പെടുകയാണ് വേണ്ടതെന്നും അല്ലാത്ത പക്ഷം കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Tags:    

Similar News