വീണ്ടും നേട്ടം; ഈന്തപ്പഴ കയറ്റുമതിയിലെ കുത്തക വിട്ടുകൊടുക്കാതെ സൗദി അറേബ്യ

  • സൗദി ഈന്തപ്പഴം കയറ്റുമതിയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലായി 12 ശതമാനം വര്‍ധിച്ചിട്ടുണ്ട്

Update: 2023-03-01 09:30 GMT

ഈന്തപ്പഴ കയറ്റുമതിയില്‍ കുത്തക അരക്കിട്ടുറപ്പിക്കുകയാണ് സൗദി അറേബ്യ. നിലവില്‍ ലോകത്ത് മറ്റു രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നേട്ടം സൗദി നിലനിര്‍ത്തി.

കഴിഞ്ഞവര്‍ഷം മാത്രം 130 കോടി റിയാലാണ് ഈന്തപ്പഴ കയറ്റുമതിയിലൂടെ സൗദി സ്വന്തമാക്കിയിരിക്കുന്നത്. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഈ മേഖലയില്‍ സൗദി സ്വന്തമാക്കിയിരിക്കുന്നത്. സൗദിയിലെ അല്‍ ഖസീമിലാണ് ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണിയും തോട്ടങ്ങളും ഉള്ളത്. നിലവില്‍ ലോകരാജ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യവും സൗദി അറേബ്യയാണ്.

ഈന്തപ്പഴ കയറ്റുമതിയില്‍ 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 5.4 ശതമാനം വര്‍ധന സൗദി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2016 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കയറ്റുമതി വര്‍ധന 121 ശതമാനമായാണ് ഉയര്‍ന്നിരുന്നത്.

സൗദി ഈന്തപ്പഴം കയറ്റുമതിയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലായി 12 ശതമാനം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 116 രാജ്യങ്ങളിലേക്കാണ് സൗദിയുടെ ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്നത്. ലോകവിപണിയില്‍ സൗദി ഈന്തപ്പഴത്തിന് പ്രധാന സ്ഥാനം നേടാനും ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ട്.

300ല്‍ അധികം ഇനം ഈന്തപ്പഴമാണ് സൗദി അറേബ്യ ഉത്പാാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതെന്നാണ് പരിസ്ഥിതിജലകാര്‍ഷിക മന്ത്രാലയം അവകാശപ്പെടുന്നത്. എണ്ണയിതര മേഖലകളില്‍കൂടി ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്ന പ്രധാന മേഖലകളില്‍ ഒന്നായി ഈന്തപ്പഴ വിപണിയെ മാറ്റുക കൂടിയാണ് സൗദിയുടെ ലക്ഷ്യം. ലോകത്തെ മികച്ച ഈന്തപ്പഴമാണ് സൗദി അറേബ്യയില്‍ ഉത്പാദിപ്പിക്കുന്നത്.

മേഖലയില്‍നിന്നുള്ള സൗദിയുടെ കയറ്റുമതി വരുമാനം 2016ല്‍ 579 ദശലക്ഷം റിയാലായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് ക്രമേണ വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം 130 കോടി റിയാലായും ഉയര്‍ന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.

Tags:    

Similar News