എണ്ണവില ഉയര്‍ന്നു; യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും താഴേക്ക്
- ചൈനയില്‍ ക്രമാതീതമായി കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നത് വിപണി നേട്ടങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഓഹരി വില്‍പനയും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് വിലയിലെ വര്‍ധനവും ഇന്ത്യന്‍ കറന്‍സിയെ സാരമായി ബാധിക്കുന്നു. ഇന്നത്തെ ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 11 പൈസ ഇടിഞ്ഞ് 82.73 എന്ന നിലയിലേക്ക് താഴ്ന്നു. യുഎഇ ദിര്‍ഹത്തിനെതിരെ 22.54 രൂപയാണ് ഇന്ന് രാവിലെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം. മുന്‍ ക്ലോസിനെ അപേക്ഷിച്ച് 11 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് പുനഃസ്ഥാപിക്കാനുള്ള യുഎസ് ശ്രമത്തിനിടെയാണ് ഇന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരിക്കുന്നത്. ശരാശരിയില്‍ ഡോളര്‍ ദുര്‍ബലമായതും എണ്ണ വിലയെ സാരമായി സ്വാധീനിച്ചിട്ടുണ്ട്.
എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയില്‍ ക്രമാതീതമായി കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നത് വിപണി നേട്ടങ്ങളെ പ്രതികൂലമായും ബാധിച്ചിട്ടുണ്ട്. കോവിഡ് കേസുകളുടെ വര്‍ധനവ് സംബന്ധിച്ചുണ്ടായ അനിശ്ചിതത്വമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.