റിയാദിലെ പൊതുഗതാഗത പദ്ധതി സജീവമാകുന്നു

  • ബസ്, മെട്രോ സര്‍വീസുകള്‍ വരും മാസങ്ങളില്‍

Update: 2023-02-09 09:30 GMT

സൗദി അറേബ്യയില്‍ പൊതുഗതാഗത പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാകുന്നു. ഇതിന്റെ ഭാഗമായി റിയാദിലെ പൊതുഗതാഗത പദ്ധതിയിലെ പുതിയ ബസ് സര്‍വീസുകള്‍ അടുത്ത മാസം തന്നെ ഓടിത്തുടങ്ങുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കൂടാതെ റിയാദ് നഗരത്തിന്റെ ചരിത്രം തന്നെ മാറ്റിമറിക്കാനിടയാക്കുന്ന മെട്രോ പദ്ധതിയും പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും റിയാദ് മെട്രോ അധികം വൈകാതെ വരും മാസങ്ങളില്‍ തന്നെ ഓടിത്തുടങ്ങുമെന്ന് സൗദി ഗതാഗത മന്ത്രി സാലിഹ് അല്‍ ജാസര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ സമ്പൂര്‍ണ സര്‍വീസുകള്‍ ആരംഭിക്കുന്ന തരത്തിലാണ് റിയാദ് പൊതു ഗതാഗത സൗകര്യം സംവിധാനിച്ചിരിക്കുന്നത്. ആകെ ആറു ലൈനുകളിലായി പ്രവര്‍ത്തനം തുടങ്ങുന്ന മെട്രോ റെയില്‍ പദ്ധതിക്കൊപ്പമാണ് ബസ് സര്‍വീസും സജ്ജീകരിച്ചിട്ടുള്ളത്.

എന്നാല്‍ നിലവില്‍ മെട്രോ സര്‍വിസുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതിന് മുന്‍പ് തന്നെ ബസ് സര്‍വീസുകള്‍ ആരംഭിക്കാനാണ് അധികൃതര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ പരീക്ഷണയോട്ടം മാസങ്ങള്‍ക്കു മുന്‍പു തന്നെ ആരംഭിച്ചിരുന്നു. പദ്ധതിയില്‍ ആകെ 1905 കിലോമീറ്റര്‍ ദൂരത്തില്‍ 80 ബസ് റൂട്ടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 842 ബസുകളാണ് സര്‍വിസ് നടത്തുക. 2860 ബസ് സ്റ്റോപ്പുകളാണ് തയാറാക്കിയിട്ടുള്ളത്.

ദിനംപ്രതി അഞ്ച് ലക്ഷം പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റിയാദ് നഗരത്തിലെ അമിതമായ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് മെട്രോ-ബസ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

നഗരത്തിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും റിയാദ് മെട്രോ പദ്ധതി വലിയ അളവില്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ബസ്, മെട്രോ സര്‍വിസുകള്‍ക്ക് ഈടാക്കാനിരിക്കുന്ന നിരക്കുകളൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

ബസ് സര്‍വീസുകള്‍ ആരംഭിച്ചതിന് തൊട്ടു പിറകെ തന്നെ മെട്രോ സര്‍വിസുകളും വരും മാസങ്ങളില്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ ഓരോ മെട്രോ ലൈനുകള്‍ വീതമായിരിക്കും സര്‍വീസ് നടത്തുകയെന്നും മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News