സൗദി അറേബ്യയില്‍ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു

  • ഒരു മില്യണിലധികമുള്ള പദ്ധതികള്‍ കമ്പനികള്‍ക്ക് നല്‍കില്ല
  • അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം നിബന്ധനയില്‍ ഇളവ് അനുവദിക്കും

Update: 2023-01-11 10:30 GMT

സൗദി അറേബ്യയില്‍ ആസ്ഥാനമില്ലാത്ത കമ്പനികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. സൗദിയില്‍ തന്നെ ആസ്ഥനമില്ലാത്തതും അതേസമയം മിഡ്ല്‍ഈസ്റ്റില്‍ ആസ്ഥനമുള്ളതുമായ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം കമ്പനികള്‍ക്ക് ഒരു മില്യണിലധികം റിയാല്‍ മൂല്യമുള്ള പദ്ധതികള്‍ അനുവദിക്കില്ലെന്നും സൗദി നിക്ഷേപകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. രാജ്യത്ത് പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

രാജ്യത്ത് പ്രാദേശിക ആസ്ഥനമില്ലാത്ത കമ്പനികള്‍ക്ക് പരമാവധി അനുവദിക്കാവുന്ന പദ്ധതി മൂല്യം ഒരു മില്യണായാണ് നിജപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന് പുറത്ത് മറ്റു മിഡില്‍ഈസ്റ്റ് രാജ്യങ്ങളിലാണ് ആസ്ഥനമെങ്കിലും നിബന്ധനകള്‍ ബാധകമായിരിക്കും.

വിദേശ വ്യാപാര അതോറിറ്റിയുമായി ചേര്‍ന്ന് ഇതു സംബന്ധമായുള്ള രൂപരേഖ തയ്യാറാക്കി വരികയാണെന്ന് സൗദി നിക്ഷേപ മന്ത്രാലയം അറിയിച്ചു. കമ്പനികളില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കും.

എന്നാല്‍ തദ്ദേശീയ കമ്പനികളില്‍നിന്ന് ഓഫറുകള്‍ ലഭിക്കാതിരിക്കുകയോ ലഭിച്ച ഓഫറുകള്‍ വിദേശ കമ്പനികളുടെ ഓഫറിനെക്കാള്‍ 25 ശതമാനത്തില്‍ അധികമാകുകയോ ചെയ്താല്‍ നിബന്ധനയില്‍ ഇളവ് ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, അടിയന്തര സാഹചര്യങ്ങള്‍ നേരിടേണ്ട ഘട്ടങ്ങളിലും വിദേശ കമ്പനികളുടെ സേവനം നിബന്ധനകള്‍ക്ക് വിധേയമായി ഉപയോഗപ്പെടുത്താവുന്നതായിരിക്കും.

Tags:    

Similar News