ഇലക്ട്രോണിക് വിസ സംവിധാനം പുനഃസ്ഥാപിച്ചു; സൗദി പൗരന്മാര്‍ക്ക് ഇനി എളുപ്പത്തില്‍ ഇന്ത്യയിലെത്താം

  • ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനാല്‍ അപ്പോള്‍ തന്നെ അപേക്ഷകന്‍ തന്റെ ഫോട്ടോയും പാസ്പോര്‍ട്ട് കോപ്പിയും അപ്ലോഡ് ചെയ്യേണ്ടി വരും

Update: 2023-03-13 09:45 GMT

സൗദി അറേബ്യയിലെ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാനാവശ്യമായ ഇലക്ട്രോണിക് വിസ സംവിധാനം വീണ്ടും ആരംഭിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

സൗദി പൗരന്മാര്‍ക്ക് ആകെ അഞ്ച് തരം വിസകളാണ് ഇന്ത്യയിലേക്ക് അനുവദിക്കുക. ഇതിനായി ഓണ്‍ലൈനില്‍ നാല് ഘട്ടങ്ങളായ എല്ലാ വിസ നടപടിക്രമങ്ങളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്ന തരത്തിലാണ് പുതിയ സംവിധാനം.

മുന്‍പും ഈ സേവനങ്ങള്‍ നിലവിലുണ്ടായിരുന്നതും സൗദികള്‍ വ്യാപകമായ തോതില്‍ ഉപയോഗിച്ചിരുന്നതുമാണ്. എന്നാല്‍ പിന്നീട് ഈ സേവനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതാണിപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.

ഇ-മെഡിക്കല്‍ വിസ, ഇ-മെഡിക്കല്‍ അറ്റന്‍ഡ് വിസ, ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-കോണ്‍ഫറന്‍സ് വിസ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് ഇ-വിസ സേവനം പുനഃസ്ഥാപിച്ചിരിക്കുന്നത്. പുതിയ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി ഓണ്‍ലൈനിലൂടെ ലളിതമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യയിലേക്കുള്ള വിസകള്‍ സ്വന്തമാക്കാനും ഇന്ത്യയിലേക്ക് വരാനും സൗദി പൗരന്മാര്‍ക്ക് സാധിക്കും.

'ഇന്ത്യന്‍ വിസ ഓണ്‍ലൈന്‍' എന്ന വെബ്‌സൈറ്റ് വഴിയാണ് വിസക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനാല്‍ അപ്പോള്‍ തന്നെ അപേക്ഷകന്‍ തന്റെ ഫോട്ടോയും പാസ്പോര്‍ട്ട് കോപ്പിയും അപ്ലോഡ് ചെയ്യേണ്ടി വരും.

ബാങ്ക് കാര്‍ഡുകളോ പേയ്മെന്റ് വാലറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച് ഓണ്‍ലൈനായി ഇ-വിസക്കുള്ള ഫീസും അടക്കണം. ഫീസ് അടച്ചാലുടന്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇടിഎ) സന്ദേശം അപേക്ഷകന്‍ നല്‍കിയ ഇമെയില്‍ ഐഡിയിലേക്ക് അയച്ച് നല്‍കും.

ഇത്തരത്തില്‍ ലഭിച്ച ഇടിഎ പ്രിന്റ് ചെയ്ത് യാത്രാ രേഖകള്‍ക്കും പാസ്‌പോര്‍ട്ടിനുമൊപ്പം ഇ-വിസ സ്റ്റാമ്പ് ചെയ്യുന്ന ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നേരിട്ട് സമര്‍പ്പിക്കണം. ഇതോടെയാണ് ഈ നിപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്. 

Tags:    

Similar News