ദുരന്തഭൂമിയില്‍ വേറിട്ടൊരു സഹായം; തുര്‍ക്കിയിലേക്ക് മൊബൈല്‍ വീടുകളുമായി ഖത്തര്‍
- ആദ്യഘട്ടത്തില്‍ 306 വീടുകള്‍ ഇവിടേക്ക് എത്തിച്ച് നല്‍കിയിട്ടുണ്ട്
ഭൂകമ്പം ദുരിതം വിതച്ച തുര്‍ക്കിയിലേക്കും സിറിയയിലേക്കും വലിയ സഹായങ്ങളാണ് ഒഴുകുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ വ്യത്യസ്ഥമായൊരു സഹായമൊരുക്കുകയാണ് ഖത്തര്‍. ദുരന്തത്തില്‍ സ്വന്തമായി വീടും താമസസ്ഥങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് മൊബൈല്‍ വീടുകളാണ് ഖത്തര്‍ ഒരുക്കുന്നത്.
ഇതിനകം തന്നെ മൊബൈല്‍ വീടുകള്‍ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഖത്തറിന്റെ കൂടുതല്‍ മൊബൈല്‍ വീടുകള്‍ ഉടന്‍ തുര്‍ക്കിയിലെത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 1400 ഓളം മൊബൈല്‍ വീടുകളാണ് ഇത്തവണ തുര്‍ക്കിയിലേക്ക് കയറ്റി അയക്കുന്നത്. ആകെ 10000 വീടുകള്‍ തുര്‍ക്കിയിലേക്കും സിറിയയിലേക്കുമായി എത്തിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തില്‍ 306 വീടുകള്‍ ഇവിടേക്ക് എത്തിച്ച് നല്‍കിയിട്ടുണ്ട്.
ഇവ ദുരന്തബാധിത പ്രദേശത്തേക്കെത്തിക്കാനായി കപ്പലുകളെയാണ് ഖത്തര്‍ ആശ്രയിക്കുന്നത്. ആകെ എട്ട് കപ്പലുകളിലായാണ് 1400 മൊബൈല്‍ വീടുകള്‍ തുര്‍ക്കിയിലേക്ക് കയറ്റി അയക്കുക. കൂടാതെ ലോകകപ്പ് ഫുട്‌ബോള്‍ സമയത്ത് ഖത്തറില്‍ ഒരുക്കിയ 10000ത്തിലേറെ ഇത്തരത്തിലുള്ള വീടുകള്‍ തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതര്‍ക്ക് നല്‍കുമെന്നും ഖത്തര്‍ മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു. കേവലമൊരു വീടിന് പകരം മുഴുവനായും ഫര്‍ണിഷ് ചെയ്ത സൗകര്യങ്ങളോടെയുള്ള വീടുകളാണ് ഖത്തര്‍ ഒരുക്കി നല്‍കുന്നത്.
47000ത്തിലേറെ പേര്‍ക്കാണ് ഈ വലിയ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. മരുന്നുകളും വൈദ്യസഹായവും അടിയന്തര സഹായവും നല്‍കാനായി 253 മില്യണ്‍ ഖത്തര്‍ റിയാലിന്റെ സഹായമാണ് ഖത്തര്‍ ഇതുവരെ ഇരു രാജ്യങ്ങളിലുമെത്തിച്ചത്. ഭൂകമ്പം നാശം വിതച്ചതു മുതല്‍ രക്ഷാപ്രവര്‍ത്തനത്തിലും സഹായം എത്തിക്കുന്നതിനും ഖത്തര്‍ എന്ന കൊച്ചുരാജ്യം മുന്നില്‍ തന്നെയുണ്ട്.