ദുബായ് നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ദിവസവും ഉപയോഗിക്കുന്നത് 17 ലക്ഷം യാത്രക്കാര്‍
- ദുബായില്‍ 2022ല്‍ ആകെ 62.1 കോടി യാത്രക്കാരാണ് പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്v
എന്നും എല്ലാ നേട്ടങ്ങളിലും മുന്നില്‍ നില്‍ക്കാന്‍ വെമ്പുന്ന നഗരമാണ് ദുബായ്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ജീവിത സൗഹൃദാന്തരീക്ഷവും ദുബായ് നഗരത്തെ എല്ലാവരുടേയും പ്രിയ ഇടമാക്കി മാറ്റുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല.
നഗരത്തിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളില്‍ എടുത്തുപറയേണ്ട ഒരു വലിയ വിഭാഗമാണ് പൊതുഗതാഗത സൗകര്യങ്ങള്‍. ദുബായ് മെട്രോയും ട്രാമും ആര്‍ടിഎയുടെ ബസുകളും ഏതു കോണിലും ലഭ്യമാകുന്ന ടാക്സി സൗകര്യങ്ങളുമെല്ലാം പൊതുഗതാഗത സൗകര്യങ്ങളെ ഏറെ പ്രയോജനകരമാക്കുന്നുവെന്നാണ് നഗരവാസികള്‍ പറയുന്നത്.
ദുബായിലെ പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദുബായിലെ പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിച്ചവരുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ദുബൈ റോഡ് ആന്‍ഡ് ട്രാന്‍പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ദുബായ് മെട്രോ, ട്രാം, ബസ്, ടാക്സി എന്നിവയെല്ലാം ഉപയോഗിച്ചവരുടെ ഉള്‍പ്പടെയുള്ള കണക്കാണിത്.
ദുബായില്‍ 2022ല്‍ ആകെ 62.1 കോടി യാത്രക്കാരാണ് പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. തൊട്ടു മുന്‍വര്‍ഷമായ 2021നെ അപേക്ഷിച്ച് 35 ശതമാനം വര്‍ധനവാണിത് കാണിക്കുന്നത്.
2021ലാണെങ്കില്‍ ആകെ യാത്രക്കാരുടെ എണ്ണം 46.1 കോടിയും ദിവസ യാത്രക്കാരുടെ എണ്ണം 13 ലക്ഷവുമായിരുന്നു. മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.
ദുബായില്‍ നടന്ന എക്സ്പോ 2020ന്റെ അവസാന മാസമായ മാര്‍ച്ചില്‍ 6.2 കോടി യാത്രക്കാരാണ് പൊതുഗതാഗതസൗകര്യം ഉപയോഗിച്ചത്. മെട്രോ ഉപയോഗത്തില്‍ മൂന്ന് ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ജലഗതാഗതം ഒരു ശതമാനം വളര്‍ച്ച മാത്രമാണ് നേടിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആകെ യാത്രയുടെ 36 ശതമാനവും മെട്രോ വഴിയായിരുന്നുവെന്നും കണക്കില്‍ പറയുന്നു. 2021ല്‍ ഇത് 33 ശതമാനമായിരുന്നു. 25 ശതമാനം പേര്‍ ബസ് സര്‍വീസ് ഉപയോഗപ്പെടുത്തിയപ്പോള്‍ ജലഗതാഗതം വഴി യാത്ര ചെയ്തത് രണ്ട് ശതമാനം മാത്രമാണ്.
അബ്ര, ഫെറി, വാട്ടര്‍ ടാക്സി, വാട്ടര്‍ ബസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പെടുന്നുണ്ട്. എന്നാല്‍ മാര്‍ച്ചിന് ശേഷം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ചത് ഡിസംബറിലാണ്. ഡിസംബറില്‍ 5.7 കോടി യാത്രക്കാരാണ് പൊതുഗതാഗം ഉപയോഗപ്പെടുത്തിയത്.
ഖത്തര്‍ ലോകകപ്പ് കൂടിയാണ് ഈ മാസം ഇത്രയധികം യാത്രക്കാര്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. മറ്റ് മാസങ്ങളിലെല്ലാം ശരാശരി 4.6 കോടി മുതല്‍ 5.6 കോടി വരെ യാത്രക്കാരാണ് ദുബായ് പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.