വിദേശികളുടെ പണമയക്കല്‍ തോത് 2021ല്‍ 7.5% കുറഞ്ഞതായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്

  • 2020ല്‍ വിദേശികളുടെ പണം അയക്കല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനമാണ് കുറഞ്ഞിരുന്നത്.

Update: 2023-02-09 06:00 GMT

ഒമാനില്‍ താമസിക്കുന്ന വിദേശികളുടെ നാട്ടിലേക്കുള്ള പണമയക്കല്‍ തോത് 2021ല്‍ 7.5 ശതമാനം കുറഞ്ഞതായി ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട്. പണമയക്കല്‍ പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണ് 2021ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

312 കോടി റിയാല്‍ മാത്രമാണ് രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ നാട്ടിലേക്ക് 2021 ല്‍ അയച്ചത്. ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

കോവിഡ് കാലത്തെ പ്രതിസന്ധിയെ തുടര്‍ന്ന് വിദേശികളും പ്രവാസികളുമെല്ലാം കൂട്ടത്തോടെ ഒമാന്‍ വിട്ടതും മറ്റു പല രാജ്യങ്ങളിലേക്കും ചേക്കേറിയതുമെല്ലാമാണ് നാട്ടിലേക്കുള്ള പണമയക്കല്‍ പ്രവണത കുറയാന്‍ പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

2015 മുതല്‍ തന്നെ ഒമാനില്‍നിന്നും പുറം രാജ്യങ്ങളിലേക്കുള്ള പണമയക്കല്‍ തോത് കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. 2020ല്‍ വിദേശികളുടെ പണം അയക്കല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനമാണ് കുറഞ്ഞിരുന്നത്.

കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഒമാനിലെ വിദേശികളുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019ല്‍ രാജ്യത്തെ വിദേശികളുടെ എണ്ണം 1.712 ദശലക്ഷമായിരുന്നെങ്കില്‍, 2020ല്‍ വിദേശികളുടെ എണ്ണം 1.443 ദശലക്ഷമായി കുറഞ്ഞിരുന്നു.

2021 ആയപ്പോഴേക്കും രാജ്യത്തെ വിദേശികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 1.409 ദശലക്ഷത്തിലേക്കെത്തിയിരുന്നു. എങ്കിലും, കഴിഞ്ഞ വര്‍ഷത്തോടെ ഒമാന്‍ ടൂറിസം മേഖലയും അതിനോടൊപ്പം സാമ്പത്തികരംഗവും മെച്ചപ്പെടുകയും കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോവുന്ന പ്രവണതകള്‍ കാണിക്കുകയും ചെയ്തിരുന്നു.

ഇതോടെ ടൂറിസമടക്കമുള്ള പല മേഖലയിലും നിക്ഷേപം വര്‍ധിക്കുകയും സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വ് പ്രകടമാവുകയും ചെയ്തതായാണ് വിലയിരുത്തല്‍. കൂടാതെ, പണം അയക്കല്‍ തോത് കുറഞ്ഞെങ്കിലും രാജ്യത്തിന്റെ ആഭ്യന്തര നിക്ഷേപം 2021ല്‍ മാത്രം 30.5 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും സാമ്പത്തിക മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.

Tags:    

Similar News