ഉപഭോക്തൃ പരാതികള്‍ ഓണ്‍ലൈനിലാക്കി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്
- സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികള്‍ ഏകീകരിക്കുകയാണ് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ലക്ഷ്യം.
കുവൈത്തില്‍ ബാങ്ക് ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിച്ച് സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് പുതിയ നടപടി.
സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികള്‍ ഏകീകരിക്കുകയാണ് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ലക്ഷ്യം. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അപ്പീലുകളും പരാതികളും സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്ത് നേരിട്ട് സമര്‍പ്പിക്കേണ്ടതില്ല. പകരം ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ സാധിക്കും.പരാതി നല്‍കി 15 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ രേഖാമൂലമുള്ള മറുപടി ഉപഭോക്താവിന് ലഭിച്ചില്ലെങ്കില്‍ ഇടപാടുകാര്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വെബ്‌സൈറ്റ് വഴി പരാതി സമര്‍പ്പിക്കാം.
രേഖകളുടെ പകര്‍പ്പുകളും പരാതിയോടുകൂടെ സമര്‍പ്പിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്. പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നടപടികളും സിബികെയുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.