ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് കോവിഡ് കാലത്ത് അനുവദിച്ചിരുന്ന ഫീസിളവുകള്‍ ഇനി ഇല്ല
- കോവിഡ് കാലത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനായാണ് വാണിജ്യ-വ്യവസായ മന്ത്രാലയം കൊമേഴ്ഷ്യല്‍ രജിസ്ട്രേഷനുള്ള നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നത്
കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് കെമേഴ്ഷ്യല്‍ രജിസ്ട്രേഷനും ലൈസന്‍സിനും പ്രത്യേകം അനുവദിച്ചിരുന്ന ഫീസിളവുകള്‍ എടുത്തു കളഞ്ഞതായി അധികൃതര്‍ അറിയിച്ചു.
ഇതോടെ ഒമാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം ഈ സേവനങ്ങള്‍ക്ക് 2021 ആദ്യ പാദത്തിലെ നിരക്കുകള്‍ തന്നെ ഈടാക്കും. കോവിഡ് കാലത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനായാണ് വാണിജ്യ-വ്യവസായ മന്ത്രാലയം കൊമേഴ്ഷ്യല്‍ രജിസ്ട്രേഷനുള്ള നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നത്. 2022 ഡിസംബര്‍ 31 വരെ ഈ നിരക്കുകള്‍ തന്നെയായിരുന്നു മന്ത്രാലയം തുടര്‍ന്നും ഈടാക്കിയിരുന്നത്. ഈ അവസരത്തില്‍ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും 3000 റിയാലിന് പകരം വെറും 96 റിയാലായിരുന്നു ഈടാക്കിയിരുന്നത്.
ഇളവ് ഒഴിവാക്കിയതോടെ വരുന്ന ജൂണ്‍ ഒന്നുമുതല്‍ വീണ്ടും ഫീസ് 3000 റിയാലിലെത്തും. അതേ സമയം ഈൗ മാസം ഒന്നു മുതല്‍ തന്നെ രജിസ്ട്രേഷന്‍ ഫീസ് നിരക്ക് ഉയര്‍ത്തിയതായി ഊഹാപോഹമുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ തീര്‍ത്തും തെറ്റാണെന്നും മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചതോടെ പ്രത്യേക യോഗം ചേര്‍ന്ന് 2021 മാര്‍ച്ച് ഒമ്പതിനാണ് അധികൃതര്‍ ഫീസിളവ് പ്രഖ്യാപിച്ചത്. കൂടാതെ, ഇപ്പോള്‍ പഴയ നിരക്കുകള്‍ പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റു വര്‍ധനവുകളൊന്നും പുതുതായി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഒമാനി സ്വദേശികളായ ബിസിനസുകാരില്‍നിന്ന് വിദേശ നിക്ഷേപകരെക്കാള്‍ കൂടുതല്‍ ഫീസുകള്‍ ഈടാക്കയെന്ന വാര്‍ത്തയും തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു.
നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധനവ്
അതേ സമയം ഒമാനില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദംവരെ 18.14 ശതകോടി റിയാലായിരുന്നു നേരിട്ടുള്ള വിദേശനിക്ഷേപം. 2021ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 10.4 ശതമാനത്തിന്റെ വര്‍ധനനവാണ് ഈ ഇനത്തില്‍ മാത്രം രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
മറ്റുരാജ്യങ്ങളുമായുള്ള ഒമാന്റെ വ്യാപാര വിനിമയം കഴിഞ്ഞവര്‍ഷം സെപ്തംബര്‍ വരെ 30,421,400 റിയാല്‍ ആണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 46.18 ശതമാനം വര്‍ധനവാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്. രാജ്യത്തെ ബിസിനസ് മേഖല മെച്ചപ്പെടുത്തുന്നതിനായി വാണിജ്യ-വ്യവസായ-നിക്ഷേപ-പ്രോത്സാഹന മന്ത്രാലയം 2020-2022 കാലയളവില്‍ 35 മാര്‍ഗ്ഗനിദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
ഇതില്‍ 'ഇന്‍വെസ്റ്റ് ഈസി' പോര്‍ട്ടലിലൂടെ കഴിഞ്ഞ വര്‍ഷം 989,495 ഇടപാടുകളാണ് രാജ്യത്ത് പൂര്‍ത്തിയാക്കിയത്. ആളുകള്‍ക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകാതെ തന്നെ നിക്ഷേപ ലൈസന്‍സും മറ്റു രേഖകളും നേടാന്‍ സഹായിക്കുന്ന തരത്തിലാണ്് 'ഇന്‍വെസ്റ്റ് ഈസി' പോര്‍ട്ടല്‍ സംവിധാനിച്ചിട്ടുള്ളത്. 2021 നവംബര്‍ 17ന് പോര്‍ട്ടല്‍ ആരംഭിച്ചതു മുതല്‍ ഈ വര്‍ഷം ജനുവരി അഞ്ചുവരെ ഏകദേശം 23,780 ലൈസന്‍സുകളാണ് പോര്‍ട്ടല്‍ വഴി നിക്ഷേപകര്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്.