കുവൈത്ത് വിസാ ആപ്ലിക്കേഷന്‍; വ്യാജ വിസ തടയാനൊരുങ്ങി അഭ്യന്തര മന്ത്രാലയം

  • രാജ്യത്തേയ്ക്കുള്ള വ്യാജ വിസകള്‍ തടയാനായി കുവൈത്ത് വിസാ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുകയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം

Update: 2023-02-07 06:15 GMT

ഒരിടവേളയ്ക്കു ശേഷം വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ പദ്ധതികളുമായി കുവൈത്ത്. രാജ്യത്തേയ്ക്കുള്ള വ്യാജ വിസകള്‍ തടയാനായി കുവൈത്ത് വിസാ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുകയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം.

കുവൈത്തിലേയ്‌ക്കെത്തുന്ന തൊഴിലാളികളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് അഭ്യന്തര മന്ത്രാലയം പുതിയ വിസ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ രൂപീകരിച്ച സമിതിയിലാണ് ശെയ്ഖ് തലാല്‍ അല്‍ ഖാലിദ് പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്.

പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആപ്പ് പുറത്തിറങ്ങിയിട്ടില്ല. വിസ ആപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആപ്പ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ കുവൈത്തിലേക്ക് പുതിയതായി ജോലിക്കായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എന്‍ട്രി വിസയുടെ സാധുത ഉറപ്പ് വരുത്താന്‍ സാധിക്കും.

വിസാ മേഖലയില്‍ പുതിയ ഡിജിറ്റല്‍ സംവിധാനം നടപ്പിലാകുന്നതോടെ വ്യാജ വിസകള്‍ ഇല്ലാതാക്കാനും ക്രിമിനല്‍ പശ്ചാത്തലമുള്ളവരേയും പകര്‍ച്ചവ്യാധികളുള്ളവരേയും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനും സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇതിനെല്ലാം പുറമേ, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെ പ്രവാസി തൊഴിലാളിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഉള്‍കൊള്ളുന്ന സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി അവതരിപ്പിക്കുമെന്നും അഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News