തീര്‍ത്ഥാടനം മാത്രമല്ല, മക്കയും മദീനയും ലോകോത്തര വ്യാപാര കേന്ദ്രങ്ങളാക്കാന്‍ സൗദി
- മക്ക, മദീന ചേംബറുകളും ഇസ്ലാമിക് ചേംബര്‍ ഇന്‍ഡസ്ട്രീ ആന്‍ഡ് അഗ്രികള്‍ച്ചറും ഒരുമിച്ച് നിന്നാണ് പദ്ധതി നടപ്പിലാക്കുക
മക്ക, മദീന ചേംബറുകളും ഇസ്ലാമിക് ചേംബറും പരസ്പരം കൈകോര്‍ത്ത് ഇരു വിശുദ്ധ നഗരങ്ങളേയും അന്താരാഷ്ട്ര സാമ്പത്തിക-വ്യാപാര കേന്ദ്രങ്ങളാക്കി മാറ്റാന്‍ ധാരണയായി. ഇസ്ലാമിക നാഗരികതയും പൈതൃകവും നിലനിറുത്തിയാണ് നഗരങ്ങളെ ആഗോള സാമ്പത്തിക കേന്ദ്രങ്ങളാക്കി മാറ്റുന്നത്.മക്ക, മദീന ചേംബറുകളും ഇസ്ലാമിക് ചേംബര്‍ ഇന്‍ഡസ്ട്രീ ആന്‍ഡ് അഗ്രികള്‍ച്ചറും ഒരുമിച്ച് നിന്നാണ് പദ്ധതി നടപ്പിലാക്കുക.
ഇസ്ലാമിക സാമ്പത്തിക മേഖലയുടെയും ഇസ്ലാമിക് ബാങ്കിംഗ് മേഖലയുടേയും ബിസിനസ് പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കിയാണ് നഗരങ്ങളെ ആഗോള ബിസിനസ് സംരംഭകരുടെ ആകര്‍ഷണ കേന്ദ്രമാക്കി മാറ്റുന്നത്.
വിശുദ്ധ നഗരങ്ങളായ മക്കയുടെയും മദീനയുടെയും വികസനത്തിനായി നിക്ഷേപം നടത്താനും വ്യാപാര പ്രവര്‍ത്തനങ്ങളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറ്റാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് എംസിസിഐ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്ല സാലിഹ് കമാല്‍ അറിയിച്ചു.
ഇതിനുള്ള പങ്കാളിത്ത കരാറില്‍ മൂന്ന് ചേംബറുകളും നാളെയാണ് ഒപ്പ് വെക്കുക. വാണിജ്യ മന്ത്രി മാജിദ് അല്‍ഖസബിയുടെയും ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുക. ബിസിനസ് രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഇതിലൂടെ ഇരു നഗരങ്ങള്‍ക്കും ലഭിക്കുക.