ദുബൈയില്‍ ബിസിനസ് തുടങ്ങിയാലോ? 3 ആശയങ്ങള്‍ അറിഞ്ഞിരിക്കാം

ഈ രാജ്യത്ത് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കാത്തവരില്ല. നല്ലൊരു സംരംഭം യുഎഇയില്‍ തുടങ്ങണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഇവിടെ ചില മേഖലകള്‍ പരിചയപ്പെടുത്താം. പല മലയാളികളും ആരംഭിച്ച് പച്ചപിടിച്ച ചില ബിസിനസ് ഏരിയകളാണിത്

Update: 2023-03-15 05:23 GMT

മലയാളികള്‍ ഏറ്റവും കൂടുതലുള്ള ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് യുഎഇ. നിക്ഷേപക സൗഹൃദമായ ഈ രാജ്യത്ത് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കാത്തവരില്ല. നല്ലൊരു സംരംഭം യുഎഇയില്‍ തുടങ്ങണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഇവിടെ ചില മേഖലകള്‍ പരിചയപ്പെടുത്താം. പല മലയാളികളും ആരംഭിച്ച് പച്ചപിടിച്ച ചില ബിസിനസ് ഏരിയകളാണിത്. ആ രാജ്യത്തിന്റെ നിയമങ്ങളും നിബന്ധനകളുമൊക്കെ കൃത്യമായി പാലിച്ച് മുമ്പോട്ട് പോകുകയാണെങ്കില്‍ എക്കാലവും ഭാവിയുണ്ടാകാന്‍ സാധ്യതയുള്ള ബിസിനസുകളാണിത്.

ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്

മലയാളികള്‍ കൂടുതലും സംരംഭകരായി ഉയര്‍ന്നുവന്ന ബിസിനസ് മേഖലയാണിത്. ഭക്ഷണ പ്രിയരുടെ മനസില്‍ ഇടം നേടാന്‍ സാധിച്ചാല്‍ ദുബൈയില്‍ മികച്ച വരുമാനം നേടാന്‍ സാധിക്കുന്ന ബിസിനസാണിത്. ഒരു കഫ്റ്റീരിയയോ  വലിയ ഹോട്ടലോ ആരംഭിക്കാം. ആദ്യം ഏത് മേഖലയിലാണ് ഇതൊക്കെ ആരംഭിക്കുന്നതെന്ന് തീരുമാനിക്കണം. കഫ്റ്റീരിയയ്ക്കും  റസ്റ്റോറന്റിനുമൊക്കെ സാധ്യതയുള്ള സ്ഥലമായിരിക്കണം കണ്ടെത്തേണ്ടത്. ആളുകളുടെ സ്ഥിരസാന്നിധ്യമുള്ള ഏരിയ വേണം തിരഞ്ഞെടുക്കാന്‍. പാര്‍ക്കിങ് സൗകര്യമുള്ള സ്ഥലത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. രുചികരമായ ഭക്ഷണത്തിനൊപ്പം വൃത്തിയും വെടിപ്പും ഉറപ്പുവരുത്തിയിരിക്കണം. ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം അത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന രാജ്യമാണിത്. എന്തെങ്കിലും അനാരോഗ്യകരമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ പരാതിയായി ലഭിക്കുകയോ ചെയ്താല്‍ ബിസിനസ് അടച്ചുപൂട്ടുകയും ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും. പ്രവാസികള്‍ ധാരാളം ഉള്ള രാജ്യമായതിനാല്‍ അതത് നാടിന്റെ തനത് ഭക്ഷണം നല്‍കുന്നതും കച്ചവടം വര്‍ധിപ്പിക്കാന്‍ സാധിക്കും.

ഗാരേജ്

യുഎഇ പോലെ വാഹനങ്ങളുടെ ബാഹുല്യമുള്ള രാജ്യത്ത് ആരംഭിക്കാവുന്ന മറ്റൊരു ബിസിനസാണ് ഗാരേജ് . എല്ലാ മോഡല്‍ വാഹനങ്ങളും നിരത്തിലിറങ്ങുന്ന സ്ഥലമാണിത്. അതുകൊണ്ട് തന്നെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു നല്ല വര്‍ക്ക്‌ഷോപ്പ് തുറന്നാല്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. അതിവിദഗ്ധരായ തൊഴിലാളികളാണ് ഈ ബിസിനസിന്റെ നട്ടെല്ല്. എന്നാല്‍ വലിയ തോതില്‍ വളര്‍ന്ന് പന്തലിക്കാന്‍ ശേഷിയുള്ള ബിസിനസാണിത്. വലിയ ലാഭം തന്നെ നേടാന്‍ സാധിക്കും.

ഒരു വര്‍ക്ക്‌ഷോപ്പ് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഏത് തരത്തിലുള്ള വര്‍ക്ക്‌ഷോപ്പാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. പല തരത്തിലുള്ള വര്‍ക്ക്‌ഷോപ്പുകള്‍ ഉണ്ട്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നിവയൊക്കെ ഇതില്‍പെടുന്നു.  ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബോഡി പെയിന്റിംഗുകളും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരണം. കാരണം അങ്ങനെ തുടങ്ങുമ്പോള്‍ എല്ലാ വിധ ഉപഭോക്താക്കളും ഒരുപോലെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും.

എമിറാത്തി ഡ്രസ്സ് സെന്റര്‍

ഇത് വേറിട്ടൊരു ബിസിനസ് ആശയമാണ്. പോലിസ് യൂണിഫോം,സൈനിക യൂണിഫോം എന്നിവ ഉണ്ടാക്കി നല്‍കുന്ന ബിസിനസാണിത്. വകുപ്പുകളിലേക്ക് വേണ്ടി യൂണിഫോം ആയതിനാല്‍ സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണ്. അത്തരം വസ്ത്രങ്ങളില്‍ മികച്ച നിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനൊപ്പം അറബ് വസ്ത്രങ്ങളുടെ ബിസിനസും ആരംഭിക്കാവുന്നതാണ്. എമിറാത്തി ഡ്രസ് സെന്ററില്‍ നിന്ന് വലിയ ലാഭം നേടാന്‍ സാധിക്കും. എന്നാല്‍ തുടങ്ങിക്കിട്ടാന്‍ കുറച്ച് സമയമെടുക്കും. ആലോചിക്കേണ്ട ഒരു വിഷയം ഇത്തരം വസ്ത്രങ്ങള്‍ തയ്ച്ചു തരാന്‍ സാധിക്കുന്ന പരിചയ സമ്പന്നനായ തൊഴിലാളികളെ കിട്ടിയിരിക്കണം എന്നതാണ്. പ്രത്യേക ലൈസന്‍സുള്ള തയ്യല്‍ക്കടകള്‍ക്ക് മാത്രമാണ് എമിറാത്തി വസ്ത്രങ്ങള്‍ തയ്ക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ.

Tags:    

Similar News