ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റുകള്‍ കൂടുതല്‍ മേഖലകളിലേക്ക്; പുതിയ പ്രഖ്യാപനവുമായി യുഎഇ
- ഒരേ സമയം ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളിലോ കമ്പനികളിലോ ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ജീവനക്കാരനും ഇത് ഉപകാരപ്പെടും
കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി യു.എ.ഇ. മുമ്പ് അതിവൈദഗ്ധ്യം ആവശ്യമായ ഏതാനും ജോലികള്‍ക്ക് മാത്രമായിരുന്നു ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് യുഎഇ അറിയിച്ചിരുന്നത്.
പുതിയതായി എല്ലാതരം വിദഗ്ധ ജോലികള്‍ക്കും ഫ്രീലാന്‍സ് തൊഴില്‍ അനുമതി നല്‍കാനാണ് തീരുമാനമെന്നാണ് തൊഴില്‍ മന്ത്രി മന്ത്രി അബ്ദുറഹ്‌മാന്‍ അല്‍ അവാന്‍ പറഞ്ഞു.
മാത്രമല്ല, ഒരു തൊഴിലാളിക്ക് വിവിധ തൊഴിലുടമകളുടെ കീഴില്‍ ജോലി ചെയ്യാനുള്ള അവസരവും പുതിയ പെര്‍മിറ്റിലൂടെ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. ഈ വര്‍ഷത്തിന്റെ അവസാനം മുതല്‍ തന്നെ അധിക മേഖലയില്‍ ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങും.
ഈ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുന്ന വ്യക്തികള്‍ക്ക് യുഎഇയില്‍ മാത്രമല്ല, മറിച്ച് ലോകത്തിന്റെ ഏത് കോണിലിരുന്നും കരാര്‍ പ്രകാരമുള്ള ജോലികള്‍ ചെയ്യാമെന്നതാണ് ഏറ്റവും പ്രധാന സവിശേഷത.
രാജ്യത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഫ്രീലാന്‍സ് തൊഴില്‍ പെര്‍മിറ്റെന്നും മന്ത്രി എടുത്ത് പറഞ്ഞു. ദീര്‍ഘകാലത്തേക്ക് ജീവനക്കാരെ ആവശ്യമില്ലാത്ത തൊഴിലുടമകള്‍ക്ക് ചെലവ് കുറച്ച് ജീവനക്കാരെ ലഭിക്കാന്‍ പുതിയ പദ്ധതി ഉപകരിക്കും.
ഒരേ സമയം ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളിലോ കമ്പനികളിലോ ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ജീവനക്കാരനും ഇത് ഉപകാരപ്പെടും. മാത്രമല്ല ഈ മാറ്റം തൊഴിലാളികളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും അവസരമൊരുക്കും.
വൈദഗ്ധ്യം കൂടിയ മികച്ച തൊഴിലാളികള്‍ക്ക് മാത്രമല്ല, മറിച്ച് വൈദഗ്ധ്യം കുറഞ്ഞവര്‍ക്കും ഈ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കും. പല തൊഴിലുടമകള്‍ക്ക് കീഴില്‍ ഒരേ സമയം ജോലി ചെയ്യാനുള്ള അനുമതി വലിയ മാറ്റങ്ങളാണ് തൊഴില്‍മേഖലയില്‍ കൊണ്ടുവരിക.
നിലവില്‍ ഇത്തരത്തില്‍ ജോലി ചെയ്യണമെങ്കില്‍ ഓരോ തൊഴിലുടമകളുമായും പ്രത്യേക കരാര്‍ തന്നെ നിര്‍മിക്കണമായിരുന്നു. പുതിയ നിര്‍ദ്ദേശപ്രകാരം ഫ്രീലാന്‍സ് ജോലിക്ക് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി നേടിയെടുത്താല്‍ മതിയാകും.