സൗദിയിലെ പണക്കിലുക്കം മെസ്സി കേള്‍ക്കുമോ? ചര്‍ച്ചകള്‍ സജീവമാക്കി മെസ്സിയുടെ പിതാവ് റിയാദില്‍
- ലയണല്‍ മെസ്സിയുടെ കരാര്‍ സംബന്ധിച്ച ചര്‍ച്ചകളുടെ ചുമതല അദ്ദേഹത്തിന്റെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജാണ്
ലോകത്തെ ഏറ്റവും വലിയ പ്രതിഫലത്തുകയുമായി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദിയിലേക്ക് പറന്നതോടെ, അടുത്ത ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം സൗദിയാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി അധികാരികള്‍.
വിഷന്‍ 2030 പദ്ധതിയുടെ കീഴിലാണ് സൗദിയുടെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നത്. സൗദി നാഷണല്‍ ലീഗിലെ പ്രമുഖരായ അല്‍ നസ്റ് ക്ലബിലേക്കാണ് ക്രിസ്റ്റിയാനോയുടെ കൂടുമാറ്റമെങ്കില്‍ അവരുടെ തന്നെ പ്രബല എതിരാളികളായ അല്‍ ഹിലാല്‍ ക്ലബ്ബും വെറുതെയിരിക്കാന്‍ ഒരുക്കമല്ല.
അല്‍ നസ്റ് ക്ലബിന് ക്രിസ്റ്റിയാനോ ആണെങ്കില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ തന്നെ സൗദിയിലേക്കെത്തിക്കാമെന്നാണ് ഹിലാല്‍ ക്ലബ്ബ് കണക്കുകൂട്ടുന്നത്.
മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് തന്നെ നേരിട്ട് സൗദിയിലെത്തിയതായാണ് പുതിയ ചര്‍ച്ചകള്‍ സജീവമാകാന്‍ കാരണം. Father is negotiating Messi's contract with Hilalഎത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ ഊഹാപോഹങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വഴിമാറിയാല്‍ ലോക ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകക്കുള്ള കരാറാണ് പിറവിയെടുക്കുക. മുന്‍പും അല്‍ ഹിലാല്‍ ക്ലബ്ബ് മെസ്സിയുടെ പിതാവുമായി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ലയണല്‍ മെസ്സിയുടെ കരാര്‍ സംബന്ധിച്ച ചര്‍ച്ചകളുടെ ചുമതല അദ്ദേഹത്തിന്റെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജാണ്. നിലവില്‍ ജോര്‍ജ് റിയാദില്‍ തന്നെയുണ്ടെന്നാണ് അന്താരാഷ്ട്ര സ്പോര്‍ട്സ് മാധ്യമങ്ങള്‍ പറയുന്നത്. സൗദി മാധ്യമങ്ങളും ഈ വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പക്ഷെ, ക്ലബ്ബും മെസ്സിയുമായി ബന്ധപ്പെട്ടവരും ഇതുവരെ യാതൊരു വിവരങ്ങളും പങ്കു വെച്ചിട്ടില്ലെന്നതാണ് പലരുടേയും സംശയങ്ങള്‍ക്ക് കാരണം. എങ്കിലും കരാറെല്ലാം പൂര്‍ത്തിയായി സൗദിയിലേക്ക് തിരിക്കുന്നതിന്റെ തലേ ദിവസം മാത്രമാണ് ക്രിസ്റ്റിയാനോയുടെ വരവ് പോലും സ്ഥിരീകരിച്ചത്.
അതിനാല്‍ തന്നെ മെസ്സിയുടെ കാര്യത്തിലെ ഈ സന്‍പെന്‍സും ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കുന്നില്ല. മെസ്സിയുടെ കടുത്ത ആരാധകര്‍ പോലും ഈ വാര്‍ത്തകളെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും സംസാരിക്കുന്നില്ലെന്നതാണ് സവിശേഷത.
സാക്ഷാല്‍ മെസ്സി ഈ ഡീലിന് സമ്മതം മൂളിയാല്‍ ലോക ഫുട്ബോള്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ പ്രതിഫലത്തിനുള്ള കൈമാറ്റ കരാറാകും ഹിലാല്‍ ക്ലബ്ബ് നടത്തുക.
നിലവില്‍ പാരീസ് ക്ലബ്ബ് പിഎസ്ജിയുടെ കരാറിലാണ് ലയണല്‍ മെസ്സി കളിക്കുന്നത്. ഈ കരാര്‍ കാലാവധി അവസാനിക്കുന്നതോടെ മാത്രമായിരിക്കും അല്‍ ഹിലാലുമായി കരാര്‍ ആരംഭിക്കുക. എണ്ണപ്പണത്തിന്റെ പിന്‍ബലം വേണ്ടുവോളമുള്ള സൗദിയിലെ ഫുട്ബോള്‍ ക്ലബ്ബുകള്‍ തമ്മിലെ വൈര്യവും വാശിയും സങ്കല്‍പ്പങ്ങള്‍ക്കുമതീതമാണ്.
വാര്‍ഷിക പ്രതിഫലത്തിനും പരസ്യ വരുമാനങ്ങള്‍ക്കും പുറമേ, നിലവില്‍ റെണോള്‍ഡോക്കായി അത്യാഢംബര കൊട്ടാരമാണ് സൗദിയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ മെസ്സി ചോദിക്കുന്നതെന്തും നല്‍കാന്‍ ഹിലാല്‍ ക്ലബ്ബ് തയ്യാറാകുമെന്നതില്‍ തര്‍ക്കമില്ല.
പ്രതിവര്‍ഷം 2800 കോടിയിലേറെ രൂപയുടെ കരാറാണ് നിലവില്‍ ചര്‍ച്ചയിലുള്ളതെന്നാണ് കായിക മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്രയും വലിയ തുകയുടെ കരാറില്‍ മെസ്സി ഒപ്പുവച്ചാല്‍ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് പഴങ്കഥയാകും.
ഫുട്ബോള്‍ ലോകത്ത് അറബിപ്പണത്തിന്റെ ഒഴുക്ക് നിലവില്‍ തന്നെ സജീവമാണ്. പി.എസ്.ജിയും മാഞ്ചസ്റ്ററും ന്യൂകാസ്ലേയുമടക്കമുള്ള മുന്‍നിര യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് പിറകിലുള്ളത് ഖത്തറും യുഎഇയും സൗദിയുമാണ്. കൂടാതെ ലിവര്‍പൂളിനെയും താമസിയാതെ ഖത്തര്‍ സ്വന്തമാക്കുമെന്നും പറയപ്പെടുന്നു. അതു കൊണ്ട് തന്നെ ഈ വാര്‍ത്ത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് പ്രമുഖ സ്പോര്‍ട്സ് മാധ്യമങ്ങളും പറയുന്നത്.