മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഖത്തര്‍ റാഞ്ചുമോ ? വില 600 കോടി ഡോളര്‍

  • മുഴുവന്‍ ഉടമസ്ഥതയും സ്വന്തമാക്കാനാണ് പദ്ധതി
  • ഷെയ്ഖ് ജാസിമിന്റെ നയന്‍ ടു ഫൗണ്ടേഷന്‍ ബിഡ് സമര്‍പ്പിച്ചു

Update: 2023-02-19 16:59 GMT


അറേബ്യയുടെ എണ്ണപ്പണത്തിന്റെ കൊഴുപ്പും കരുത്തും കഴിഞ്ഞ ലോകകപ്പില്‍ നമ്മളടക്കം ലോകമൊന്നടങ്കം കണ്ട് തലയില്‍ കൈവച്ചവരാണ്. വിവിധ യൂറോപ്യന്‍ ക്ലബ്ബുകളിലും ഭാഗികമായും മുഴുവനായും ഖത്തര്‍ ഒഴുക്കുന്ന പണത്തിന്റെ അളവ് ഭീമമാണ്.

പാരിസ് ക്ലബ്ബായ പി.എ.സ്ജിയും പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുമെല്ലാം ഖത്തറില്‍നിന്നുള്ള പണമൊഴുക്കില്‍ തിളങ്ങുന്നവരാണ്.

ഇപ്പോള്‍ പുതുതായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്നെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങുകയാണ് ഖത്തര്‍ എന്ന വാര്‍ത്തയാണ് പുതിയ ചര്‍ച്ചാവിഷയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കാന്‍ ബിഡ് സമര്‍പ്പിച്ചതായി ഖത്തര്‍ ഇസ്ലാമിക് ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്പിലെ ചെകുത്താന്‍മാര്‍ എന്നറിയപ്പെടുന്ന വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുഴുവന്‍ ഉടമസ്ഥതയും സ്വന്തമാക്കാനാണ് ഷെയ്ഖ് ജാസിമിന്റെ നയന്‍ ടു ഫൗണ്ടേഷന്‍ ബിഡ് സമര്‍പ്പിച്ചിരിക്കുന്നത്.

എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചത്ര എളുപ്പമാകാനുള്ള സാധ്യത വളരെ കുറവാണ്. ക്ലബ്ബിനെ ഖത്തറിന് കൈമാറണമെങ്കില്‍ ഏതാണ്ട് 600 കോടി ഡോളര്‍ നല്‍കേണ്ടിവരുമെന്നാണ് നിലവിലെ ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബം മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശം.

അതേസമയം ഏറ്റെടുക്കല്‍ തുക സംബന്ധിച്ച വിശദാംശങ്ങളും വിവരങ്ങളുമൊന്നും ഒന്നാംഘട്ട അപേക്ഷയിലില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടാതെ ബിഡ് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയും കഴിഞ്ഞ ദിവസത്തോടെ അവസാനിച്ചിരുന്നു.

കൈമാറ്റത്തോടൊപ്പം ക്ലബ്ബിന്റെ ബാധ്യതകള്‍ തീര്‍ക്കുകയെന്നതും ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ പ്രശസ്തമായ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയം പുതുക്കി പണിയുകയെന്നതും പദ്ധതിയുടെ ഭാഗമാണെന്നും വിദഗ്ധര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം, ഖത്തര്‍ മാത്രമല്ല പണച്ചാക്കുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനിറങ്ങിത്തിരിച്ചിരിക്കുന്നത്. മറിച്ച്, ജിം റാഡ് ക്ലിഫിന്റെ ഉടമസ്ഥതയിലുള്ള ഇനിയോസും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കാനുള്ള ബിഡ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സഥിരീകരിക്കുന്നത്.

Tags:    

Similar News