നിബന്ധനകളില്‍ ഇളവ്; സൗദിയിലെ എയര്‍പോര്‍ട്ടുകളില്‍ ഇനി യഥേഷ്ടം ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍

  • മദ്യം ഉള്‍പ്പെടെയുള്ള, ആരോഗ്യത്തിന് ഹാനികരമായ നിരോധിത ഉത്പന്നങ്ങള്‍ക്ക് രാജ്യത്ത് വിലക്ക് തുടരും

Update: 2023-01-11 12:00 GMT

റിയാദ്: സൗദി അറേബ്യയില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും നിലനിന്നിരുന്ന നിബന്ധനകള്‍ ലഘൂകരിച്ചു. രാജ്യത്താകമാനമുള്ള ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളുടെ വിപുലീകരണം ലക്ഷ്യമിട്ടാണ് ഇതുവരെയുണ്ടായിരുന്ന കര്‍ശന നിയമങ്ങളിലും ചട്ടങ്ങളിലും ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

കര, നാവിക, വ്യോമയാന പോര്‍ട്ടുകളില്‍ ഫ്രീ മാര്‍ക്കറ്റുകള്‍ തുറക്കുന്നതിനുള്ള നിബന്ധനകളിലാണ് സൗദി കസ്റ്റംസ് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് രാജ്യത്തെ കര, നാവിക, വ്യോമയാന പോര്‍ട്ടുകളില്‍ സ്വതന്ത്ര മാര്‍ക്കറ്റുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

കൂടാതെ അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ ലഭ്യമായിട്ടുള്ള എല്ലാത്തരം ഉത്പന്നങ്ങളും ഇനി രാജ്യത്തെ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളിലും ലഭ്യമാക്കാനാവശ്യമായ നടപടികളും സ്വീകരിക്കും.

ഇത് കൂടാതെ, ലോജിസ്റ്റിക്കല്‍ സേവനങ്ങളിലും ഇളവ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ കസ്റ്റംസ് തീരുവയ്ക്ക് വിധേയമാകാതെ തന്നെ ഉത്പന്നങ്ങളെല്ലാം മാര്‍ക്കറ്റുകളിലേക്കെത്തിക്കാന്‍ സാധിക്കും.

കസ്റ്റംസ് ആന്‍ഡ് ടാക്‌സ് അതോറിറ്റിയുടെ നിബന്ധനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായാണ് ഇതിനുള്ള അനുമതി നല്‍കുക. എന്നാല്‍ മദ്യമടക്കമുള്ള ആരോഗ്യത്തിന് ഹാനികരമായ, സൗദിയില്‍ പ്രത്യേക വിലക്ക് നിലനില്‍ക്കുന്ന ഉത്പന്നങ്ങളൊന്നും ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് വയ്ക്കാന്‍ സാധിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കിയുട്ടുണ്ട്.

Tags:    

Similar News