2000ത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി കുവൈത്ത്
- ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയവര്‍ വീണ്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ അവരെ രജ്യത്ത് നിന്ന് നാടുകടത്തുമെന്നും മുന്നറിയിപ്പ്
കുവൈത്തില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 2000ത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് 2000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയിരിക്കുന്നത്.
നിലവില്‍ രാജ്യത്തുള്ള വിദേശികള്‍ക്ക് അനുവദിച്ചുനല്‍കിയിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സുകളുടെ പുനപരിശോധനയിലാണ് അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
പരിശോധനയില്‍ രാജ്യത്ത് നിയമാനുസൃതമല്ലാതെ ലൈസന്‍സ് സ്വന്തമാക്കിയവരെ കണ്ടെത്തിയാല്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകളാണ് നിലവില്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. ഇവയില്‍ തന്നെ ഏകദേശം എട്ട് ലക്ഷത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണ് നല്‍കിയിട്ടുള്ളത്.
ഈ കണക്കുകളില്‍ നിയമവിരുദ്ധമായി ലൈസന്‍സ് നേടിയവരെയെല്ലാം പരിശോധിച്ചു കണ്ടെത്തി അവരുടെ ലൈസന്‍സുകള്‍ റദ്ദാക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
രാജ്യത്തെ ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്യുകയും 600 ദിനാറോ അതിന് മുകളിലോ ശമ്പളവും ബിരുദവുമുള്ളവര്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സിനു അപേക്ഷിക്കാന്‍ അനുമതി നിയമപരമായി അവകാശമുള്ളത്.
ഡ്രൈവിംഗ് ലൈസന്‍സിന് ആവശ്യമായ ജോലി തസ്തികകള്‍ കാണിച്ച് ലൈസന്‍സ് കരസ്ഥമാക്കുകയും പിന്നീട് മറ്റു ജോലികളിലേക്ക് മാറുകയും ചെയ്ത പ്രവാസികളെ ലക്ഷ്യമിട്ടാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.