ക്വാളിഫിക്കേഷന്‍ വേണ്ട: ശമ്പളം 81 ലക്ഷം, യുഎഇയില്‍ അംബാസഡറാവാന്‍ ഇന്നു കൂടി അപേക്ഷിക്കാം
- 21 വയസായ ആര്‍ക്കും ഈ ജോലിക്കായി അപേക്ഷിക്കാം. ഏതു രാജ്യക്കാരനും ഈ ജോലി നേടാനും തടസമില്ല
100,000 യുഎസ് ഡോളര്‍ അഥവാ ഏകദേശം 81 ലക്ഷം ഇന്ത്യന്‍ രൂപ ശമ്പളം ലഭിക്കുന്ന ജോലി. അതും യാതൊരു യോഗ്യതയും സര്‍ട്ടിഫിക്കറ്റുകളും ആവശ്യമില്ലാതെ തന്നെ. സംഭവം മോഹനവാഗ്ദാനവുമൊന്നുമല്ല, ഉള്ളതു തന്നെയാണ് കാര്യം. അബൂദാബിയിലെ യാസ് ഐലന്‍ഡിലാണ് 'ലോകത്തിലെ ഏറ്റവും മികച്ച ജോലി' എന്ന് പറയാവുന്ന ഈ അവസരം. പക്ഷേ, ഇതിനായി നടത്തുന്ന മത്സരത്തില്‍ പങ്കെടുത്ത് ജയിച്ചവര്‍ക്കാണ് ഈ അത്യപൂര്‍വ ജോലി ചെയ്യാന്‍ അവസരമുള്ളത്.
യുഎഇയിലെ പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നായ അബൂദാബിയിലെ യാസ് ഐലന്‍ഡിലാണ് 3,67,000 യു.എ.ഇ ദിര്‍ഹം 'ശമ്പളം' വാഗ്ദാനം ചെയ്യുന്ന ജോലി ഭാഗ്യവന്‍മാരെയും കാത്തിരിക്കുന്നത്. ജനുവരി 9ന് ആരംഭിച്ച മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ പങ്കെടുക്കാന്‍ ഇന്നു കൂടിയാണ് മാത്രമാണ് അവസരമുള്ളത്.
21 വയസായ ആര്‍ക്കും ഈ ജോലിക്കായി അപേക്ഷിക്കാം. ഏതു രാജ്യക്കാരനും ഈ ജോലി നേടാനും തടസമില്ല. യാസ് ഐലന്‍ഡിന്റെ പുതിയ അംബാസിഡര്‍ എന്ന പദവിയിലേക്കാണ് ആളെ തിരഞ്ഞെടുക്കുന്നത്. പ്രത്യേകിച്ചൊരു ക്വാളിഫിക്കേഷനും ഇതിനാവശ്യമില്ല.
എങ്ങനെ അപേക്ഷിക്കാം?
ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഷൂട്ട് ചെയ്ത്, ആ വീഡിയോ https://hireme.yasisland.com/എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയെന്നതാണ് മത്സരത്തിന്റെ ആദ്യഘട്ടം. ഐലന്‍ഡിനെ ലോക ജനതയുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നാണ് വെറും ഒരു മിനുട്ട് വീഡിയോയില്‍ നിങ്ങള്‍ അവതരിപ്പിക്കേണ്ടത്. ഇംഗ്ലീഷ് ഭാഷയിലാണ് വീഡിയോ ചെയ്യേണ്ടത്.
ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അഞ്ച് എന്‍ട്രികളെ ഈ ജനുവരി 26 ന് യാസ് ഐലന്‍ഡ് സോഷ്യല്‍ മീഡിയ ചാനലുകളില്‍ പ്രഖ്യാപിക്കും. അടുത്ത ഘട്ടമായി ഒരു റേഡിയോ ഇന്റര്‍വ്യൂ കൂടി നടക്കും. ഇതിലും വിജയിച്ചവരെയാണ് ജോലിക്കായി സെലക്ട് ചെയ്യുക. ഇതില്‍ സെലക്ട് ആവുന്നവരെ ഫെബ്രുവരി മൂന്നിന് തത്സമയം പ്രഖ്യാപിക്കും.
രണ്ടു മാസമാണ് ഈ ജോലിയുടെ കാലാവധി. ഓരോ മാസവും 50,000 യുഎസ് ഡോളര്‍ എന്ന നിരക്കിലാണ് ശമ്പളം ലഭിക്കുക.