ലോക ജനതയില്‍ 500 കോടി പേര്‍ ഖത്തര്‍ ലോകകപ്പ് കണ്ടെന്ന് ഫിഫ

  • ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങള്‍ നേരിട്ടുകണ്ടവര്‍ക്ക് സുവനീര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാം

Update: 2023-01-23 07:15 GMT

ലോകജനതയില്‍ 500 കോടി പേര്‍ കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് കണ്ടെന്ന് റിപ്പോര്‍ട്ട്. അതില്‍ തന്നെ ഫൈനല്‍ മത്സരം മാത്രം കണ്ടവരുടെ എണ്ണം 150 കോടിയും കവിയും. അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷനാണ് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്. ലോകകപ്പ് ആരംഭിച്ച് ഇന്നോളമുള്ള ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട് ആസ്വദിച്ച ടൂര്‍ണമെന്റെന്ന പെരുമയാണ് അറേബ്യന്‍ മണ്ണില്‍ ആദ്യമായി അരങ്ങേറിയ ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

ലുസൈല്‍ സ്റ്റേഡിയത്തില്‍ ഗ്യാലറിയില്‍ നേരിട്ട് ഇരുന്ന് 88966 പേരാണ് കലാശപ്പോര് ആസ്വദിച്ചതെങ്കില്‍ ഫൈനല്‍ മത്സരം ടിവിയിലൂടെ 150 കോടി ജനങ്ങള്‍ തത്സമയം കണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ നേരിട്ട് ഗാലറിയിലിരുന്ന് കണ്ടവരുടെ കണക്കില്‍ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം രണ്ടാമതാണ്. ഇക്കാര്യത്തില്‍ 1994ല്‍ നടന്ന ബ്രസീല്‍-ഇറ്റലി ഫൈനലാണ് ഒന്നാമതുള്ളത്.

ആകെ 500 കോടി പേര്‍ ലോകകപ്പ് കണ്ടപ്പോള്‍ 93.6 മില്യണ്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ലോകകപ്പ് സമയത്ത് വന്നിട്ടുള്ളത്. ഇവയുടെ ആകെ റീച്ച് 262 ബില്യണ്‍(26200 കോടി) ആണ്. കാഴ്ചക്കാരുടെ എണ്ണത്തിലെ റെക്കോര്‍ഡ് മാത്രമല്ല, സംഘാടനത്തിലും ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പെന്ന് പ്രശസ്തിയും ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങള്‍ നേരിട്ടുകണ്ടവര്‍ക്ക് സുവനീര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാം

അതേ സമയം ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങള്‍ നേരിട്ടുകണ്ടവര്‍ക്ക് സുവനീര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുകയാണ് സംഘാടകര്‍. ഇതിനായി മൊബൈല്‍ ടിക്കറ്റുകള്‍ ഫിസിക്കല്‍ ടിക്കറ്റുകള്‍ ആക്കി മാറ്റാനുള്ള അപേക്ഷകള്‍ ഫിഫ സ്വീകരിച്ചു തുടങ്ങി.

ഫിഫ ടിക്കറ്റ്സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് സുവനീര്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ അപേക്ഷിക്കേണ്ടത്. സ്വന്തമായും ഗസ്റ്റുകള്‍ക്കായും ഇങ്ങനെ ടിക്കറ്റിനായി അപേക്ഷിക്കാന്‍ സാധിക്കും. എങ്കിലും ഗസ്റ്റുകള്‍ക്ക് നേരിട്ട് സുവനീര്‍ ടിക്കറ്റ് വാങ്ങാന്‍ അവസരമുണ്ടാകില്ല.

ഒരു സുവനീര്‍ ടിക്കറ്റിന് പത്ത് ഖത്തര്‍ റിയാലാണ് വില വരുന്നത്. ഒരേ ആപ്ലിക്കേഷന്‍ നമ്പരിലുള്ള എല്ലാ ടിക്കറ്റുകള്‍ക്കും സുവനീര്‍ ടിക്കറ്റിനായി അപേക്ഷിക്കാവുന്നതാണ്.

Tags:    

Similar News