2023 യുഎഇയുടെ 'സുസ്ഥിരതാ വര്‍ഷം'; പ്രഖ്യാപനവുമായി പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ്
- 2015 മുതല്‍ എല്ലാവര്‍ഷവും സായിദ് വര്‍ഷം, വായനാവര്‍ഷം, സഹിഷ്ണുതാവര്‍ഷം, ദാന വര്‍ഷം എന്നിങ്ങനെ ഓരോ ആശയങ്ങളുടെ മേലില്‍ യുഎഇ വര്‍ഷാചരണം നടത്തിവരാറുണ്ട്.
2023 യുഎഇയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സുസ്ഥിരതാ വര്‍ഷമായിരിക്കുമെന്ന് പ്രഖ്യാപനം. യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദാണ് ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. അടുത്ത തലമുറക്ക് സുസ്ഥിര ഭാവിയും വികസനവും അഭിവൃദ്ധിയും ഉറപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഈവര്‍ഷമുണ്ടാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടി 'കോപ്28' ഈവര്‍ഷം യു. എ.ഇയിലാണ് നടക്കാനിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് യുഎഇ സുസ്ഥിരതാ വര്‍ഷാചരണം പ്രഖ്യാപിച്ചിരിക്കുന്നത്.
ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടി 'കോപ്28' ഈ വര്‍ഷം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെയാണ് ദുബായ് എക്സ്പോ സിറ്റിയില്‍ നടക്കുന്നത്. ഉച്ചകോടിയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം നടന്നിരുന്നു.
ആഗോളതലത്തില്‍ തന്നെ സുസ്ഥിര കാലാവസ്ഥ ഉറപ്പാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള രാജ്യങ്ങളുടെ സമാന കാഴ്ചപ്പാടും ഇച്ഛാശക്തിയും അത്യാവശ്യമാണെന്നും യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ്ബിന്‍ സായിദ് അല്‍ നഹ്യാന്‍ എടുത്തു പറയുന്നു.
ഈ വര്‍ഷത്തെ ഉച്ചകോടിയുടെ ആതിഥേയരെന്ന നിലയില്‍ ഈ മേഖലയുടെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ക്കും സംയോജിത വികസന പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകും. മാത്രമല്ല, നേരിടേണ്ടിവരുന്ന വെല്ലുവിളികളെയെല്ലാം അതീജീവിച്ച് ഭാവി തലമുറയ്ക്ക്് സുസ്ഥിര ഭാവി ഉറപ്പാക്കാനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉണര്‍ത്തി.
2015 മുതല്‍ എല്ലാവര്‍ഷവും സായിദ് വര്‍ഷം, വായനാവര്‍ഷം, സഹിഷ്ണുതാവര്‍ഷം, ദാന വര്‍ഷം എന്നിങ്ങനെ ഓരോ ആശയങ്ങളുടെ മേലില്‍ യുഎഇ വര്‍ഷാചരണം നടത്തിവരാറുണ്ട്.