മങ്കിപോക്‌സിനെ നേരിടാൻ കലിഫോര്‍ണിയയില്‍ ആരോഗ്യ അടിയന്തരാവസ്ഥ

കലിഫോര്‍ണിയ: മങ്കിപോക്‌സ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യുസോം. യുഎസില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ രണ്ട് സംസ്ഥാനങ്ങളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രോഗ വ്യാപനം ചെറുക്കുന്നതിന് വേണ്ട ചുവടുവെപ്പുകള്‍ അതിവേഗം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്റെയും മറ്റ് ആരോഗ്യ സേവനങ്ങളുടേയും ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലിഫോര്‍ണിയയില്‍ ഇതുവരെ ഏകദേശം 61,000 വാക്‌സിനുകള്‍ ലഭ്യമായെന്നും അതില്‍ 25,000 ഡോസുകള്‍ വിതരണം ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കി. ആഗസ്റ്റിലെ ആദ്യ അഞ്ചു ദിവസങ്ങള്‍ക്കകം 88 […]

Update: 2022-08-02 03:39 GMT
കലിഫോര്‍ണിയ: മങ്കിപോക്‌സ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യുസോം. യുഎസില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ രണ്ട് സംസ്ഥാനങ്ങളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രോഗ വ്യാപനം ചെറുക്കുന്നതിന് വേണ്ട ചുവടുവെപ്പുകള്‍ അതിവേഗം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്റെയും മറ്റ് ആരോഗ്യ സേവനങ്ങളുടേയും ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലിഫോര്‍ണിയയില്‍ ഇതുവരെ ഏകദേശം 61,000 വാക്‌സിനുകള്‍ ലഭ്യമായെന്നും അതില്‍ 25,000 ഡോസുകള്‍ വിതരണം ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കി.
ആഗസ്റ്റിലെ ആദ്യ അഞ്ചു ദിവസങ്ങള്‍ക്കകം 88 രാജ്യങ്ങളിലായി 27,000 പേര്‍ക്ക് മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് ഏകദേശം 70 രാജ്യങ്ങളിലായി 17,800 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, അതിനപ്പുറമുള്ള പ്രവചനങ്ങള്‍ നടത്തുന്നത് സങ്കീര്‍ണ്ണമാണെന്ന് ശാസ്ത്രജ്ഞര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഈ വൈറസിന്റെ വ്യാപനം മാസങ്ങളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ആഗോള അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമോയെന്ന് നിര്‍ണ്ണയിക്കാന്‍ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ യോഗം ചേര്‍ന്നിരുന്നു.
കമ്മറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ഈ നീക്കത്തിനെതിരെ വോട്ട് ചെയ്തെങ്കിലും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ വാക്സിനേഷന്‍, പരിശോധന, രോഗബാധിതരുടെ ക്വാറന്റൈന്‍, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ഇതിനു പിന്നാലെ കേരളത്തില്‍ തന്നെ മറ്റിടങ്ങളിലും ഡല്‍ഹിയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മങ്കി പോക്‌സിനെതിരെ ലോകാരോഗ്യ സംഘടന അടക്കം കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് രാജ്യത്തെ ആദ്യ മങ്കി പോക്‌സ് മരണവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആരോഗ്യവകുപ്പ് അറിയാതെ കേരളത്തിലെത്തിയ മങ്കി പോക്‌സ് രോഗി മരിച്ച സംഭവത്തില്‍ അന്വേഷണവുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച യുവാവിന് വിദേശത്തു വെച്ച് മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇയാളുടെ മരണകാരണം മങ്കി പോക്‌സ് തന്നെയാണോ എന്നു സ്ഥിരീകരിക്കാനായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഈ ഫലമാണ് പോസിറ്റീവായത്. ലോകത്ത് ഇതുവരെ 20,000ത്തോളം മങ്കി പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും രോഗം ബാധിച്ചുള്ള മരണം അപൂര്‍വമാണ്. തൃശൂരില്‍ മരിച്ച യുവാവിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
Tags:    

Similar News