കമ്പനി സ്‌ഥാപിച്ച് 17 വർഷം പിന്നിട്ടു; എയർ കേരള എന്നാണൊന്ന് പറന്നുയരുക?
- 2013 ഏപ്രിലിൽ സർവീസ് ആരംഭിക്കാൻ എയർലൈൻ ആദ്യം പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
- നിലവിൽ 43 ലക്ഷം രൂപയുടെ നെഗറ്റീവ് ആസ്തിയിലാണ് കമ്പനി..
തിരുവനന്തപുരം: എയർ കേരള അടുത്തകാലത്തെങ്ങാനും യാഥാർത്ഥ്യമാകുമോ? യാത്രയുടെ ദുരിതങ്ങൾ നേരിടുമ്പോൾ ഓരോ മലയാളിയുടെയും, പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളുടെ, മനസ്സിൽ ഉയർന്നു വരുന്ന ചോദ്യമാണിത്.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ; CIAL) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി എയർ കേരള ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡ് (എയർ കേരള) സ്ഥാപിതമായിട്ട് 17 വർഷത്തിലേറെയായി.
സിയാലിന്റെ FY22 വാർഷിക റിപ്പോർട്ട് അനുസരിച്ച്, 1.06 കോടി രൂപയുടെ ഓഹരി മൂലധനവുമായി എയർ കേരള അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലൊന്നായി തുടരുന്നു, എന്നാൽ നിലവിൽ 43 ലക്ഷം രൂപയുടെ നെഗറ്റീവ് ആസ്തിയിലാണ് കമ്പനി..
ഈ വർഷങ്ങളിലെല്ലാം സിയാൽ എയർ കേരളയെ സാങ്കേതികമായി സജീവമാക്കി നിലനിർത്തി; കമ്പനി അതിന്റെ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുമെന്ന പ്രതീതി നൽകി.
2013 ഏപ്രിലിൽ സർവീസ് ആരംഭിക്കാൻ എയർലൈൻ ആദ്യം പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നിരുന്നാലും, അന്താരാഷ്‌ട്ര വിമാന സർവീസുകൾ നടത്താൻ ആഗ്രഹിക്കുന്ന ഒരു ഇന്ത്യൻ എയർലൈന് കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും സ്വന്തമായുണ്ടായിരിക്കണമെന്നും ആഭ്യന്തര സർവീസ് നടത്തുന്നതിൽ അഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണമെന്നുമുള്ള കേന്ദ്രത്തിന്റെ നിബന്ധന പദ്ധതിക്ക് തിരിച്ചടിയായി.
അഞ്ചുവർഷത്തെ സർവീസ് നിബന്ധന എടുത്തുകളഞ്ഞെങ്കിലും 20 വിമാനങ്ങൾ ഉണ്ടാവണമെന്ന് നിബന്ധന എയർ കേരളയുടെ തുടക്കത്തിന് ഇപ്പോഴും തടസ്സം സൃഷ്ടിക്കുന്നതായി സിയാൽ ഒരു കുറിപ്പിൽ പറയുന്നു.
“ഒരു എയർലൈൻ വിദേശത്തേക്ക് സർവീസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആഭ്യന്തര സെക്ടറിന് 20 വിമാനമോ അതിന്റെ മൊത്തം വിമാനങ്ങളുടെ 20 ശതമാനമോ അനുവദിക്കണം. എയർ കേരളയുടെ നിലവിലെ അവസ്ഥയിൽ ഇത് വിജയകരമായി കൊണ്ടുപോകാൻ സാധിക്കില്ല എന്നാണ് സിയാൽ വിശദീകരിച്ചത്.
സിയാലിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി എയർ കേരള സ്ഥാപിതമായിട്ടുണ്ടെങ്കിലും, ഗവൺമെന്റിനും സിയാലിനും ആത്യന്തികമായി ഒരു പ്രധാന ഓഹരി വിഹിതം കൈവശം വച്ചുകൊണ്ട്, വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള മറ്റ് നിക്ഷേപകരെ ഉടമസ്ഥതയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു യഥാർത്ഥ പദ്ധതി.
എന്നാൽ ഒരു തുടക്കം ഇല്ലാതെ ഈ പദ്ധതികളെല്ലാം നിർത്തിവച്ചിരിക്കുകയാണ്.
ജിസിസിയിലും മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലും താമസിക്കുന്ന ദശലക്ഷക്കണക്കിന് മലയാളികളെ ആവേശഭരിതരാക്കിയ ഈ പദ്ധതിയെക്കുറിച്ച് ഇപ്പോൾ ആരും സംസാരിക്കുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമായ അവസ്ഥ.