സൗദി അറേബ്യ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പുതിയ പഠന വിസ പ്രോഗ്രാം അവതരിപ്പിക്കുന്നു
- “സ്റ്റഡി ഇൻ സൗദി അറേബ്യ" എന്ന പുതിയ വിദ്യാഭ്യാസ വിസ പരിചയപ്പെടുത്തി സൗദി അറേബ്യ
- ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും ജനപ്രിയമായ അഞ്ചാമത്തെ വിദ്യാഭ്യാസ കേന്ദ്രമായി സൗദി അറേബ്യ
വിദേശ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി സൗദി അറേബ്യയിൽ എത്തുന്നത് കൂടുതൽ എളുപ്പമാക്കുന്ന പുതിയ വിദ്യാഭ്യാസ വിസ പരിചയപ്പെടുത്തി സൗദി അറേബ്യ. റിയാദിൽ നടന്ന ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ് കോൺഫറൻസിൽ സൗദിയുടെ വിദ്യാഭ്യാസ മന്ത്രാലയവും (MoE) വിദേശകാര്യ മന്ത്രാലയവും (MoFA) ചേർന്ന് “സ്റ്റഡി ഇൻ സൗദി അറേബ്യ" എന്ന പേരിലുള്ള പുതിയ വിസ പ്രോഗ്രാം അവതരിപ്പിച്ചു.
ഇത് വിദ്യാർഥികൾക്കുള്ള അപേക്ഷാ പ്രക്രിയ ലഘൂകരിക്കുകയും,"സ്റ്റഡി ഇൻ സൗദി അറേബ്യ" എന്ന പ്രത്യേക പറ്റ്ഫോം വഴി വിസ നൽകുകയും ചെയ്യും. വിപുലമായ അക്കാദമിക് പ്രോഗ്രാമുകൾ മുതൽ ഹ്രസ്വകാല കോഴ്‌സുകൾ വരെ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന വിദ്യാഭ്യാസ അവസരങ്ങളാണ് ഈ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം വിവിധ അക്കാദമിക്ക് താല്പര്യങ്ങൾക്കും കരിയർ ലക്ഷ്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് കോഴ്‌സുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഈ പരിപാടി സൗദി വിദ്യാഭ്യാസ മേഖല വികസിപ്പിക്കുന്നതിനും സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കായി കഴിവുള്ളവരെ ആകർഷിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ പിന്തുണയ്ക്കുന്ന രീതിയിൽ അക്കാദമിക, സാംസ്കാരിക മേഖലകളിലെ സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നു.
ധനസഹായം, ആകർഷകരമായ സ്കോളർഷിപ്പ് വാഗ്ദാനങ്ങൾ എന്നിവ പോലുള്ള നിരവധി ഘടകങ്ങൾ കാരണം, ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ അഞ്ചാമത്തെ വിദ്യാഭ്യാസ കേന്ദ്രമായി സൗദി അറേബ്യ മാറിയിരിക്കുന്നു. 2017 മുതൽ 2022 വരെ 1.3 ദശലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് ഉന്നത പഠനത്തിനായി പോയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (MEA) പങ്കുവെച്ച കണക്കുകൾ സൂചിപ്പിക്കുന്നു.