പിഎല്‍ഐ സ്‌കീം; ചൈനീസ് വിദഗ്ധര്‍ക്ക് ആറുമാസ അനുവദിച്ചേക്കും

  • ആഭ്യന്തര ഉല്‍പ്പാദനം ഉത്തേജിപ്പിക്കുന്നതിനാണ് പിഎല്‍ഐ പദ്ധതിയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ നടപ്പാക്കുന്നത്
  • വിസ അനുവദിക്കുന്നതിനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതികളെ ആശ്രയിച്ചിരിക്കും
  • പ്രധാനമായും 14 മേഖലകളാണ് പിഎല്‍ഐ സ്‌കീമില്‍ ഉള്‍പ്പെടുന്നത്

Update: 2024-07-03 08:48 GMT

ഫ്‌ലാഗ്ഷിപ്പ് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുമായി ബന്ധപ്പെട്ട പ്രൊജക്ഷനുകള്‍ നടപ്പിലാക്കാന്‍ സഹായിക്കുന്നതിന് ചൈനീസ് സാങ്കേതിക വിദഗ്ധര്‍ക്ക് ആറ് മാസത്തില്‍ കൂടാത്ത ഹ്രസ്വകാല വിസകള്‍ വാഗ്ദാനം ചെയ്യാന്‍ ഇന്ത്യ പദ്ധതിയിടുന്നു.

നിര്‍മ്മാണ പ്രോജക്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈനീസ് വെണ്ടര്‍മാരുടെ പ്രവേശനം സുഗമമാക്കുന്നതിലെ കാലതാമസത്തിനിടയിലാണ്, ചൈനയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് ഹ്രസ്വകാല വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കം.

അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ഖനനം വരെയുള്ള ശക്തവും തദ്ദേശീയവുമായ വിതരണ ശൃംഖല നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് ചൈനയില്‍ നിന്ന് 30 ഓളം എഞ്ചിനീയര്‍മാരെ കൊണ്ടുവരാന്‍ അദാനി ഗ്രൂപ്പിന്റെ സോളാര്‍ നിര്‍മ്മാണ ബിസിനസ്സ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിര്‍ദ്ദിഷ്ട നിര്‍മ്മാണ പദ്ധതികള്‍ക്ക് ആവശ്യമായ അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തില്‍ രാജ്യം വിടവ് നേരിടുന്നതിനാല്‍ ഇന്ത്യന്‍ ബിസിനസുകള്‍ ചൈനീസ് തൊഴിലാളികളെ തേടുന്നതായി പറയപ്പെടുന്നു. പിഎല്‍ഐ പദ്ധതിയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആഭ്യന്തര ഉല്‍പ്പാദനം ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ അത്തരം വിദഗ്ധര്‍ക്കുള്ള വിസ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം താല്‍പ്പര്യപ്പെടുന്നു.

എന്നിരുന്നാലും, ചൈനയില്‍ നിന്നുള്ളവരുള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്കുള്ള വിസ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള അന്തിമ തീരുമാനംപ്രധാനമായും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതികളെ ആശ്രയിച്ചിരിക്കും. 2020-ല്‍ ഗാല്‍വാന്‍ താഴ്വരയിലെ അതിര്‍ത്തി തര്‍ക്കത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതിനാല്‍, ചൈനയിലെ പ്രൊഫഷണലുകള്‍ക്ക് വിസ വേഗത്തിലാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതിനുശേഷം, ദേശീയ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് ചൈനീസ് നിക്ഷേപത്തെയോ പ്രൊഫഷണലുകളെയോ രാജ്യത്തേക്ക് അനുവദിക്കുന്ന കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ സൂക്ഷ്മപരിശോധന നടത്തുന്നു.

മൊബൈല്‍ ഫോണുകള്‍, ഡ്രോണുകള്‍, വൈറ്റ് ഗുഡ്സ്, ടെലികമ്മ്യൂണിക്കേഷന്‍സ്, ടെക്സ്‌റ്റൈല്‍സ്, ഓട്ടോമോട്ടീവ്, ഫാര്‍മസ്യൂട്ടിക്കല്‍ ഡ്രഗ്സ് എന്നിവയുള്‍പ്പെടെ 14 മേഖലകളാണ് പിഎല്‍ഐ സ്‌കീമില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് 1.97 ട്രില്യണ്‍ രൂപയാണ് ചെലവ്.

Tags:    

Similar News