തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യയും യുകെയും
- ഋഷിസുനക്കുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
- സാങ്കേതികവിദ്യാരംഗത്ത് സഹകരണം ശക്തമാക്കും
- എഫ്ടിഎ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് യുകെയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം
ഇന്ത്യയും ബ്രിട്ടനും സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളിലെ പുരോഗതി അവലോകനം ചെയ്തു.എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം ടേമില്‍ ഇന്ത്യ-യുകെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ജി 7 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി നടന്ന കൂടിക്കാഴ്ചക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഋഷി സുനക്കിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. എന്‍ഡിഎ ഗവണ്‍മെന്റിന്റെ മൂന്നാം ടേമില്‍ ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത വ്യക്തമാക്കിയതായും പ്രധാനമന്തി എക്‌സില്‍ കുറിച്ചു.
''അര്‍ദ്ധചാലകങ്ങള്‍, സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ വലിയ സാധ്യതകളുണ്ട്. പ്രതിരോധ മേഖലയിലെ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചും ഋഷിയുമായി സംസാരിച്ചു,'' മോദി എഴുതി.
ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഫലവത്തായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. 'പ്രതിരോധം, സുരക്ഷ, വ്യാപാരം, സാമ്പത്തിക സഹകരണം, നിര്‍ണായക, ഉന്നത സാങ്കേതിക മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങള്‍, ജനങ്ങളുമായുള്ള ബന്ധം എന്നിവ ഇരു നേതാക്കളും വിലയിരുത്തി. റോഡ്മാപ്പ് 2030 നടപ്പാക്കുന്നതിനെക്കുറിച്ചും നടന്നുകൊണ്ടിരിക്കുന്ന എഫ്ടിഎ ചര്‍ച്ചകളിലെ പുരോഗതിയെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു, ''ജയ്‌സ്വാള്‍ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയിലാണ് സുനക്കും മോദിയും അവസാനമായി നേരിട്ട് കണ്ടത്. എഫ്ടിഎ ചര്‍ച്ചകള്‍ ഇനി ജൂലൈ 4 ന് പുതിയ യുകെ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാത്രമേ വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കൂ. 2022 ജനുവരിയില്‍ ആരംഭിച്ച ഇന്ത്യ-യുകെ എഫ്ടിഎ ചര്‍ച്ചകള്‍ ഉഭയകക്ഷി വ്യാപാരം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മോദി സുനകുമായുള്ള കൂടിക്കാഴ്ച നടത്തിയത്.