ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡ

  • ഇന്തോ-പസഫിക് മേഖലയിലെ പങ്കാളിത്തം കാനഡയ്ക്ക് പ്രധാനം
  • ഭീകരന്‍ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടരും

Update: 2023-09-25 05:38 GMT

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയന്‍ പ്രതിരോധമന്ത്രി ബില്‍ ബ്ലെയര്‍. സിഖ് ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ ശേഷം ആദ്യമായാണ് ഈ രീതിയിലൊരു പ്രസ്താവന കാനഡ അധികാരികളില്‍ നിന്ന് ഉണ്ടാകുന്നത്. എന്നാല്‍ കേസ് സംബന്ധിച്ച അന്വേഷണം തുടരുകയുമാണ്.

ഇന്ത്യ-പസഫിക് മേഖലയിലെ പാങ്കാളിത്തം സംബന്ധിച്ച് ഇന്ത്യയുമായി സഹകരിക്കും എന്നാണ് കാനഡ വ്യക്തമാക്കിയത്. ഈ മേഖലയില്‍ ഇന്ത്യയെ ഒഴിവാക്കാനാകാത്തതിനാലാണ് ഈ പ്രസ്താവനയെന്നു കരുതുന്നവരാണ് ഏറെപ്പേരും.

 കഴിഞ്ഞ ദിവസം ദി വെസ്റ്റ് ബ്ലോക്കില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ്, ഇന്ത്യയുമായുള്ള ബന്ധം 'പ്രധാനമാണ്' എന്ന്  മന്ത്രി ബില്‍ ബ്ലെയര്‍  അഭിപ്രായപ്പെട്ടത്. 'ഇത് ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു വെല്ലുവിളി നിറഞ്ഞ പ്രശ്‌നമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു,' അദ്ദേഹം പറഞ്ഞതായി ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.  'അതേസമയം, നിയമത്തെ സംരക്ഷിക്കാനും നമ്മുടെ പൗരന്മാരെ സുരക്ഷിതരാക്കാനും അന്വേഷണം നടത്തി സത്യം  ഉറപ്പാക്കാനും ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്,' മന്ത്രി പറഞ്ഞു.

ഇന്ത്യയുമായി നയതന്ത്ര ബന്ധം വഷളാകുന്നതിനുമുമ്പ് കാനഡ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, വാണിജ്യം, പ്രതിരോധം, കുടിയേറ്റ ബന്ധങ്ങള്‍ എന്നിവ വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു.

ഇന്‍ഡോ-പസഫിക് തന്ത്രം ഇപ്പോഴും കാനഡയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. സൈനിക മുന്‍ഗണനകള്‍ക്കായി അഞ്ച് വര്‍ഷത്തിനുള്ളില്‍ 492.9 ദശലക്ഷം യുഎസ് ഡോളര്‍ ഇതിനായി ചെലവഴിക്കും.

കാനഡയുടെ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കും ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ക്കും എതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യ ഒട്ടാവയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

പരസ്പര നയതന്ത്ര സാന്നിധ്യത്തില്‍ ശക്തിയിലും റാങ്കിലും തുല്യത വേണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരെക്കാള്‍ കൂടുതലാണ്.

Tags:    

Similar News