ആള്‍ട്ട്മാന് ശേഷം മറ്റൊരു ടെക് കമ്പനി സിഇഒ കൂടി പുറത്തേയ്ക്ക് ?

മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സിന്റെ സിഇഒ ലിന്‍ഡ യാക്കിരാനോയുടെ ഭാവിയാണു ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്

Update: 2023-11-21 10:48 GMT

സാം ആള്‍ട്ട്മാനു ശേഷം മറ്റൊരു പ്രമുഖ ടെക് കമ്പനിയുടെ സിഇഒ കൂടി പുറത്തേയ്‌ക്കെന്നു സൂചന.

മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സിന്റെ സിഇഒ ലിന്‍ഡ യാക്കിരാനോയുടെ ഭാവിയാണു ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം എക്‌സിന്റെ ഉടമയായ ഇലോണ്‍ മസ്‌ക് ആന്റി-സെമിറ്റിക് പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ആപ്പിള്‍, ഐബിഎം, ഡിസ്‌നി തുടങ്ങിയ വമ്പന്മാര്‍ എക്‌സ് പ്ലാറ്റ്‌ഫോമിനു പരസ്യം നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു. ഇതാണ് യാക്കിരാനോയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചത്.

ഏകദേശം 100 മില്യന്‍ ഡോളര്‍ വരെ വാര്‍ഷിക പരസ്യം എക്‌സിന് നല്‍കുന്ന കമ്പനിയാണ് ആപ്പിള്‍. ഇത്തരത്തില്‍ എക്‌സിന് വലിയൊരു വരുമാനം നല്‍കുന്ന ആപ്പിള്‍ പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചത് തീര്‍ച്ചയായും എക്‌സിന് വലിയ തിരിച്ചടിയാണ്. ആപ്പിളിനു പുറമെ മറ്റ് പ്രമുഖ കമ്പനികളും പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്.

' ജൂതന്മാര്‍ വെളുത്തവരെ വെറുക്കുന്നു ' എന്ന ട്വീറ്റിന് അതല്ലേ യാഥാര്‍ഥ്യമെന്ന് മസ്‌ക് പ്രതികരിച്ചിരുന്നു. ഇതാണ് വിവാദമായത്.

ഇപ്പോഴുള്ള സല്‍പേര് കൂടുതല്‍ മോശമാകുന്നതിനു മുന്‍പ് എക്‌സിന്റെ സിഇഒ സ്ഥാനത്തുനിന്നും രാജിവയ്ക്കുന്നതാണ് അഭികാമ്യമെന്നു നിരവധി പരസ്യദാതാക്കള്‍ (അഡ്വര്‍ടൈസേഴ്‌സ്) ലിന്‍ഡ യാക്കിരാനോയെ ഉപദേശിച്ചെന്നാണു സൂചന.

എക്‌സിന്റെ തലപ്പത്ത് നിന്നും രാജിവയ്ക്കുന്നതാണ് അഭികാമ്യമെന്നു യാക്കിരാനോയോടു മാര്‍ക്കറ്റിംഗ് കമ്പനി നടത്തുന്ന ലൂ പാസ്‌കല്‍ നിര്‍ദേശിച്ചതായും സൂചനയുണ്ട്.

യഹൂദവിരുദ്ധതയ്‌ക്കെതിരെയും വിവേചനത്തിനെതിരെയും എക്‌സ് കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു കഴിഞ്ഞ ആഴ്ച യാക്കിരാനോ പോസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News